റിലയൻസുമായുള്ള കരാർ നടക്കാതെ വന്നാൽ 29,000 പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന് ഫ്യൂച്ചർ ഗ്രൂപ്പ്

Webdunia
ചൊവ്വ, 27 ഒക്‌ടോബര്‍ 2020 (19:55 IST)
റിലയൻസുമായുള്ള ഇടപാട് നടക്കാതെ വന്നാൽ ഫ്യൂച്ചർ റീട്ടെയിലിന്റെ സ്ഥാപനങ്ങളെല്ലാം പൂട്ടേണ്ടിവരുമെന്ന് കമ്പനി. സിങ്കപ്പൂര്‍ ആര്‍ബിട്രേഷന്‍ കോടതിയെയാണ് ഫൂച്ചര്‍ ഗ്രൂപ്പിന്റെ പ്രതിനിധികള്‍ ഇക്കാര്യം അറിയിച്ചത്.
 
യുഎസ് കമ്പനിയായ ആമസോണ്‍ കഴിഞ്ഞവര്‍ഷം ഫ്യൂച്ചര്‍ കൂപ്പണ്‍സ് ലിമിറ്റഡിന്റെ 49ശതമാനം ഓഹരി വാങ്ങിയിരുന്നു. ഇതുവഴി ഫ്യൂച്ചര്‍ റീട്ടെയിലില്‍ 5 ശതമാനം ഓഹരിയും ലഭിച്ചിരുന്നു. ഫ്യൂച്ചർ കമ്പനി റിലയൻസുമായി നടത്തുന്ന പുതിയ ഇടപാട് അന്നത്തെ കരാറിന്റെ ലംഘനമാണെന്നും ചൂണ്ടികാണിച്ച് ആമസോണാണ് സിങ്കപ്പൂർ ആർബിട്രേഷനെ സമീപിച്ചത്. ഇതിനെ തുടർന്ന് ഇടപാട് താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ സിങ്കപ്പൂര്‍ ആര്‍ബിട്രേഷന്‍ കോടതി ഞായറാഴ്ച ഉത്തരവിട്ടിരുന്നു.
 
അതേസമയം ഇന്ത്യന്‍ നിയമങ്ങള്‍ക്കനുസരിച്ചാണ് ഫ്യൂച്ചര്‍ റീട്ടെയിലിന്റെ ആസ്തികള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്ന് റിലയന്‍സ് വ്യക്തമാക്കി. കൃത്യമായ നിയമോപദേശം സ്വീകരിച്ചശേഷം മാത്രമാണ് കരാറുണ്ടാക്കിയതെന്നും അതുമായി മുന്നോട്ടുപോകുമെന്നും റിലയന്‍സ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article