‘പുന്തൊ ഇവൊ കാർബൺ’, ‘ലീനിയ റോയൽ’ എന്നീ രണ്ട് മോഡലുകളുമായി ഫിയറ്റ് എത്തുന്നു

Webdunia
ബുധന്‍, 2 നവം‌ബര്‍ 2016 (11:14 IST)
ഹാച്ച്ബാക്ക് ‘പുന്തൊ ഇവൊ’യുടെയും സെഡാന്‍ ‘ലീനിയ’യുടെയും പരിമിതകാല പതിപ്പുകളുമായി ഫിയറ്റ് ഇന്ത്യ. ‘പുന്തൊ ഇവൊ കാർബൺ’, ‘ലീനിയ റോയൽ’ എന്നീ പേരുകളിലാണ് പുതിയ കാറുകള്‍ വിൽപ്പനക്കെത്തുന്നത്. സാധാരണ മോഡലുകളെ അപേക്ഷിച്ച് ഉയർന്ന വിലയ്ക്കായിരിക്കും ഫിയറ്റ് ഇന്ത്യ ‘പുന്തൊ ഇവൊ കാർബൺ’, ‘ലീനിയ റോയൽ’ എന്നീ രണ്ട് പതിപ്പുകളും വിൽപ്പനയ്ക്കെത്തുകയെന്നാണു സൂചന.

പേൾ വൈറ്റ് നിറത്തിൽ മാത്രമാണ് വാഹനങ്ങള്‍ ലഭ്യമാകുക. സ്പോർട്ടി ലുക്ക് നല്‍കുന്നതിനായി ‘പുന്തൊ ഇവൊ കാർബണി’ൽ കറുപ്പു നിറത്തിലുള്ള റൂഫും ഷോൾഡർ ലൈനില്‍ കറുപ്പ് സ്ട്രൈപ്പിലുള്ള ഗ്രാഫിക്സുമുണ്ട്. കൂടാതെ ടെയിൽലൈറ്റിനു താഴെ ‘കാർബൺ’ എന്നും എഴുതിയിട്ടുണ്ട്. അകത്തളത്തില്‍ ബ്ലാക്ക് ഫിനിഷിങ്ങും വെള്ള നിറത്തിലുള്ള സ്റ്റിച്ചുകളുമാണ് ഈ കാറിനുള്ളത്.     

1.3 ലീറ്റർ മൾട്ടി ജെറ്റ് ഡീസൽ എൻജിനോടെയാണ് കാര്‍ എത്തുക. 93 പി എസ് വരെ കരുത്തും 209 എൻ എം വരെ ടോർക്കും സൃഷ്ടിക്കാന്‍ ഈ എന്‍‌ജിന് സാധിക്കും. എന്നാല്‍ ‘ലീനിയ റോയലി’ല്‍ സി പില്ലറിനു താഴെയായിട്ടാണ് ‘റോയൽ’ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാഫിക്സിൽ ഒരു തരത്തിലുള്ള മാറ്റങ്ങളുമില്ല. കറുപ്പ് നിറത്തിലുള്ള, പുത്തൻ രൂപകൽപ്പനയുള്ള അലോയ് വീലുകളാണ് കാറിന്റെ മറ്റൊരു പ്രത്യേകത.

‘ലീനിയ റോയലി’ന്റെ അകത്തളത്തിൽ ലതർ സീറ്റുകളടക്കം തവിട്ടു നിറത്തിലുള്ള അപ്ഹോൾസ്ട്രിയാണ് നല്‍കിയിട്ടുള്ളത്. കൂടാതെ ഡാഷ്ബോഡ് ഫാബ്രിക്കിനും ഡോർ പാനലിലും ഇതേ നിറമാണ് നല്‍കിയിട്ടുള്ളത്. 1.4 ലീറ്റർ, ടി ജെറ്റ് എൻജിനോടെയാണ് ‘ലീനിയ റോയല്‍’ എത്തുന്നത്. പരമാവധി 125 പി എസ് കരുത്തും 210 എൻ എം ടോർക്കും സൃഷ്ടിക്കാന്‍ ഈ എൻജിന് സാധിക്കും
Next Article