ഭാരവാഹക ശേഷിയേറിയ ഓഫ് ഹൈവേ ട്രക്കുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ യു എസിൽ നിന്നുള്ള കാറ്റർപില്ലർ കമ്പനി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ‘കാറ്റ് 773 ഇ’, ‘777 ഇ’ എന്നീ രണ്ട് ഓഫ് ഹൈവേ ട്രക്കുകളാണ് ഇന്ത്യയില്‍ അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൊൽക്കത്തയിൽ നടന്ന ഇന്റർനാഷനൽ മൈനിങ് ആൻഡ് മെഷീനറി എക്സിബിഷനില്‍ ഈ രണ്ട് വാഹനങ്ങളും അവതരിപ്പിച്ചിരുന്നു.
ആഗോളതലത്തിൽതന്നെ നിർമാണ, ഖനനോപകരണ നിർമാണ മേഖലയിൽ ഏറ്റവും മുൻനിരയിലുള്ള കമ്പനിയാണു കാറ്റർപില്ലർ. എണ്ണ പര്യവേഷണം, വൈദ്യുതോൽപ്പാദനം, റയിൽവേ, പ്രതിരോധം എന്നിങ്ങനെ വിവിധ മേഖലകൾക്ക് ആവശ്യമായ ഉൽപന്നങ്ങളാണു നിലവിൽ കാറ്റർപില്ലർ ഇന്ത്യയിൽ ലഭ്യമാക്കുന്നത്.
ഖനന മേഖലയിൽ ഭൂമിയുടെ ഉപരിതലങ്ങളിലും ഭൂമിക്കടിയിലും പ്രവർത്തിക്കുന്ന തരത്തിലുള്ള ഖനികൾക്ക് ആവശ്യമായ ഉൽപന്നങ്ങളുടെ വിപുല ശ്രേണികള്‍ കാറ്റർപില്ലറിന്റെ ശേഖരങ്ങളിലുണ്ട്. 97.98 ടൺ ഭാരവാഹക ശേഷിയാണ് ‘കാറ്റ് 777 ഇ’ എന്ന ഓഫ് റോഡ് ട്രക്കിനുള്ളത്. തമിഴ്നാട്ടിലെ തിരുവള്ളൂരിൽ സ്ഥാപിക്കുന്ന ശാലയിൽ നിന്നായിരിക്കും ഈ ട്രക്കുകള്‍ വില്പനക്കെത്തുകയെന്നാണ് കമ്പനി അറിയിച്ചത്.