വരുന്നൂ... 1000 സിസി ബുള്ളറ്റുമായി ബൈക്കുകളുടെ രാജാവ് റോയൽ എൻഫീൽഡ് !

Webdunia
വെള്ളി, 28 ഏപ്രില്‍ 2017 (13:32 IST)
രാജ്യത്തെ ഏറ്റവും പ്രശസ്തമായ ബൈക്കാണ് റോയൽ എൻഫീൽഡ് ബുള്ളറ്റ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഇപ്പോള്‍ ഇതാ 350 സിസിയോ 500 സിസിയോ ഏതുമായിക്കൊള്ളട്ടെ, ആ ബുള്ളറ്റിനെ 1000 സിസി ബൈക്കാക്കുന്ന സാങ്കേതിക വിദ്യയുമായി എത്തിയിരിക്കുന്നു കാർബെറി ബുള്ളറ്റ്. ഓസ്ട്രേലിയൻ സ്വദേശിയായ പോൾ കാർബെറിയാണ് ഈ 1000 സിസി ബുള്ളറ്റിന്റെ സൃഷ്ടാവ്. 
 
2011ലാണ് കാർബെറി ബുള്ളറ്റ് ഓസ്ട്രേലിയയിലെ നിർമാണം അവസാനിപ്പിച്ചത്. ഡീം എൻജിൻ ആന്റ് മോഡിഫിക്കേഷൻസ് എന്ന കമ്പനിയാണ് ഇപ്പോള്‍ കാർബെറി ബുള്ളറ്റിന് ഇന്ത്യയിൽ രണ്ടാം ജന്മം ഒരുക്കിയിരിക്കുന്നത്. ഓസ്ട്രേലിയയിലെ പ്രവർത്തനം പൂര്‍ണമായും അവസാനിപ്പിച്ച് ഛത്തീസ്‌ഗഢിലുള്ള ബിലാഹിയിലാണ് പുതിയ നിർമ്മാണ യൂണിറ്റ് തുടങ്ങാൻ കമ്പനി ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
റോയൽ എൻഫീൽഡിന്റെ ഘടകങ്ങൾ ഉപയോഗിച്ചു തന്നെയാണ് ഈ കാർബെറി ബുള്ളറ്റും നിര്‍മിക്കുന്നത്. എൻഫീൽഡിന്റെ 500 സിസി എൻജിനെ ആധാരമാക്കിയാണ് 1000 സിസി വി ട്വിൻ എൻജിൻ നിർമ്മിച്ചിരിക്കുന്നത്. 4800 ആർപിഎമ്മിൽ 56.32 ബിഎച്ച്പി കരുത്തും 5250 ആർപിഎമ്മിൽ 108 എൻഎം ടോർക്കുമാണ് ഈ എഞ്ചിന്‍ ഉൽപാദിപ്പിക്കുക. ബുള്ളറ്റിന്റെ വിലയോ എന്നായിരിക്കും ഈ ബുള്ളറ്റ് ഇന്ത്യയിലെത്തുകയെന്നോ എന്ന വിവരം കമ്പനി ഇതുവരെയും പുറത്തുവിട്ടിട്ടില്ല. 
Next Article