നല്ലനാളുകള്‍ക്ക് സമയമെടുക്കും: ജെയ്റ്റ്ലി

Webdunia
ബുധന്‍, 25 ജൂണ്‍ 2014 (11:44 IST)
നരേന്ദ്ര മോഡി പറഞ്ഞ നല്ല നാളുകള്‍ എത്തിച്ചേരുവാന്‍ സമയമെടുക്കുമെന്ന സൂചനകള്‍ നല്‍കി കേന്ദ്ര ധനമന്ത്രി അരുണ്‍ജെയ്റ്റ്ലി രംഗത്തെത്തി.

കഴിഞ്ഞ രണ്ടുവര്‍ഷമായി സമ്പദ്‌വ്യവസ്ഥ വളരെ മന്ദഗതിയിലായിരുന്നതിനാല്‍ ഇപ്പോഴുള്ളതു വെല്ലുവിളികളുടെ സമയമാണെന്നും രാജ്യത്തിന്റെ സമ്പദ്‌വളര്‍ച്ച തിരികെ കൊണ്ടുവരാന്‍ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

നാവിക സേനാ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ജെയ്റ്റ്ലി. കഴിഞ്ഞ രണ്ടുവര്‍ഷം തുടര്‍ച്ചയായി സമ്പദ്‌വളര്‍ച്ച അഞ്ചുശതമാനം നിരക്കിലായിരുന്നതു റവന്യൂ ശേഖരണത്തെയും ബാധിച്ചു. അതിനാല്‍ സാമ്പത്തിക വളര്‍ച്ചയെ അതിന്റെ അതിവേഗ പാതയില്‍ കൊണ്ടുവന്ന്‌ നിക്ഷേപക വിശ്വാസം തിരികെ പിടിക്കുക എന്നതാണു തന്റെ ലക്ഷ്യമെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.

അതിനാല്‍ ഇപ്പോഴത്തേ സാഹചര്യത്തില്‍ എന്തുനടപടികള്‍ സ്വീകരിച്ചാലും അതിനു ഫലം കിട്ടാന്‍ കുറെ സമയമെടുക്കും. നിക്ഷേപകരുടെ വിശ്വാസം തിരികെ കൊണ്ടുവന്നെങ്കില്‍ മാത്രമെ വളര്‍ച്ച തിരികെ കൊണ്ടുവരാനാകൂ. അതിനു മുന്നോടിയായി ഓഹരി ഉടമകളുമായി ചര്‍ച്ച നടത്തുമെന്നും ധനമന്ത്രി പറഞ്ഞു.

മഴ കുറയുമെന്നതും ഇറാഖിലെ സംഭവവികാസങ്ങളും സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നുണ്ട്‌. സമ്പദ്‌വ്യവസ്ഥയെ സുസ്ഥിരവും സന്തുലിതവുമായ വളര്‍ച്ചയുടെ പാതയില്‍ കൊണ്ടുവരുമെന്ന്‌ ജി 20 രാജ്യങ്ങളുടെ സമ്മേളനത്തില്‍ ഇന്ത്യ ഉറപ്പു നല്‍കിയിട്ടുണെടന്നു ജയ്റ്റ്ലി അറിയിച്ചു.