‘വിപണിയുടെ കുതിപ്പില്‍ അമിതാവേശം കാണിക്കാതെ ജാഗ്രത പുലര്‍ത്തണം‘

Webdunia
ശനി, 2 നവം‌ബര്‍ 2013 (10:11 IST)
PRO
രാജ്യത്തെ സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനായി കൊണ്ടുവന്ന കടുത്ത നടപടികള്‍ ഗുണഫലം സൃഷ്ടിച്ചതായി ധനമന്ത്രി പി ചിദംബരം.

റിസര്‍വ്ബാങ്കും സര്‍ക്കാറും സ്വീകരിക്കുന്ന നടപടികള്‍ ഓഹരിവിപണികള്‍ സ്വാഗതംചെയ്യുന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ മുന്നേറ്റം.

എന്നാല്‍, വിപണിയുടെ കുതിപ്പില്‍ അമിതാവേശം പ്രകടിപ്പിക്കാതെ ജാഗ്രതപുലര്‍ത്തണമെന്ന് ചിദംബരം നിക്ഷേപകരെ ഉപദേശിച്ചു.

നടപ്പുസാമ്പത്തികവര്‍ഷം കറന്റ് അക്കൗണ്ട് കമ്മി 6,000 കോടി ഡോളറിലൊതുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. നേരത്തേ ഇത് 7,000 കോടി ഡോളറാകുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. ഈ കുറവ് സമ്പദ്‌മേഖലയ്ക്ക് വലിയ ആശ്വാസം പകരുമെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.

പണപ്പെരുപ്പം നിയന്ത്രിച്ചുനിര്‍ത്തുകയെന്നത് ഇപ്പോഴും സര്‍ക്കാറിനുമുന്നിലെ വെല്ലുവിളിയായി തുടരുന്നുണ്ട്. നിക്ഷേപാനുകൂല സാഹചര്യം വളര്‍ത്തിയെടുക്കേണ്ടതുമുണ്ട്-മന്ത്രി പറഞ്ഞു.

നടപ്പുസാമ്പത്തികവര്‍ഷം കയറ്റുമതിയിലെ വളര്‍ച്ച തുടരുമെന്നാണ് പ്രതീക്ഷ. വിദേശനിക്ഷേപകസമൂഹം വീണ്ടും ഇന്ത്യയില്‍ വിശ്വാസമര്‍പ്പിച്ചുതുടങ്ങിയിട്ടുണ്ട്. വന്‍കിട അടിസ്ഥാനസൗകര്യപദ്ധതികള്‍ക്ക് അനുമതി നല്‍കിയതും അനുകൂലഫലങ്ങളാണ് സൃഷ്ടിക്കുന്നത്- ചിദംബരം ചൂണ്ടിക്കാട്ടി.