വോഡഫോണ്‍ മാര്‍ച്ചില്‍ മൂന്നാം തലമുറയിലേക്ക്

Webdunia
ബുധന്‍, 23 ഫെബ്രുവരി 2011 (17:56 IST)
PRO
PRO
ഈ സാമ്പത്തികവര്‍ഷം അവസാനം തന്നെ വോഡഫോണ്‍ എസ്സാര്‍ കമ്പനി 3ജി സേവനം നല്‍കിത്തുടങ്ങും. മാര്‍ച്ച് മാസം മുതല്‍ ഘട്ടം ഘട്ടമായാണ് സേവനം ലഭ്യമാക്കിത്തുടങ്ങുക. ഇതിന് പര്യാപ്തമായ നെറ്റ്‌വര്‍ക്കാണ് വോഡഫോണിനുള്ളതെന്ന് കമ്പനിയുടെ ഡയറക്ടര്‍ നവീന്‍ ചോപ്ര പറഞ്ഞു.

ഇന്ത്യയിലാകമാനം നഗരങ്ങളെ കേന്ദ്രീകരിച്ചാണ് 3ജി സേവനം ആദ്യഘട്ടത്തില്‍ ലഭ്യമാക്കുക. മൊബൈല്‍ കോര്‍പ്പറേറ്റ് ഉപയോക്താക്കള്‍ക്ക് വേണ്ടി അടുത്ത കാലത്ത് ചില പുതിയ സേവനങ്ങള്‍ക്ക് വോഡഫോണ്‍ തുടക്കം കുറിച്ചിരുന്നു. ഫിക്സഡ് ലൈന്‍, വോയ്സ് സേവനങ്ങള്‍ എന്നി,വയില്‍ നിന്നുള്ള വരുമാനം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 8 മുതല്‍ 10 ശതമാനം വരെ വരുമാനം മാത്രമാണ് ഈ വഴിക്ക് ലഭിക്കുന്നത്.

ഫിക്സഡ് ലൈന്‍ വലിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സേവനം നല്‍കാന്‍ കഴിയുമെന്ന ആത്മവിശ്വാസം വോഡഫോണിനുണ്ട്. രാജ്യത്തൊട്ടാകെ 95000 കിലോമീറ്റര്‍ ഓപ്റ്റിക്കല്‍ കേബിള്‍ ഉള്ളതാണ് ഈ അത്മവിശ്വാസത്തിന് അടിസ്ഥാനം. കൂടാതെ ഐ.ടി രംഗത്തെ അതികായനായ വിപ്രോയുമായി വോഡഫോണിന് ബാന്ധവമുണ്ട്. ഇരുവരും ചേര്‍ന്ന് പൂനെ നഗരത്തില്‍ ഫിക്സഡ് ലൈനിനു വേണ്ട മികവുറ്റ ഒരു ശൃംഖല സൃഷ്ടിച്ചിട്ടുണ്ട്.