മഹാരാഷ്ട്രയില്‍ ഏഴ് വിമാനത്താവളങ്ങള്‍ക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചു. എങ്കിലും അസംബ്ലി തെരഞ്ഞെടുപ്പിന് ശേഷം ഒക്ടോബര്‍ മദ്ധ്യത്തോടെ ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ കൈക്കൊള്ളാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ഭുമി ഏറ്റെടുക്കല്‍ ഇതിനകം തന്നെ ആരംഭിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിധേയമായി നിര്‍ത്തിവയ്ക്കുകയായിരുന്നെന്ന് മഹാരാഷ്ട്ര എയര്‍പോര്‍ട്ട് ഡിവലപ്മെന്‍റ് കമ്പനി വൈസ് ചെയര്‍മാന്‍ ആര്‍ സി സിന്‍ഹ പറഞ്ഞു. ഷിര്‍ദി, ഷോലാപൂര്‍, പൂനെ, ജല്‍ഗാവൂണ്‍, നാഗ്‌പൂര്‍, അമരാവതി, ഗാധ്ചിറോളി എന്നിവിടങ്ങളിലാണ് പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിക്കുന്നത്. 4,500 കോടിയുടെ നിക്ഷേപമാണ് നിര്‍മാണ പ്രവര്‍ത്തങ്ങള്‍ക്കായുള്ളത്.
പൂനെ വിമാനത്താവളത്തിന് മാത്രമായി എയര്‍പോര്‍ട്ട് ഡിവലപ്മെന്‍റ് അതോറിറ്റി 3,000 കോടി രൂപ നിക്ഷേപിക്കും. ഷിര്‍ദി, ഷോളാപൂര്‍ വിമാനത്താവളങ്ങള്‍ക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ അടുത്ത 4 - 5 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും സിന്‍ഹ പറഞ്ഞു.