ലോട്ടറിയെടുത്തത് 2000 കോടിയുടെ

Webdunia
ചൊവ്വ, 15 ജനുവരി 2013 (14:45 IST)
PRO
ഭാഗ്യക്കുറി വകുപ്പിനു നടപ്പു സാമ്പത്തികവര്‍ഷം ജനുവരി വരെ വിറ്റുവരവ്‌ 2000 കോടി കവിഞ്ഞു. സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോള്‍ വിറ്റുവരവ്‌ 2500 കോടിയിലെത്തിയേക്കും. ദിവസേന നറുക്കെടുപ്പ്‌ നടക്കുന്ന സംസ്ഥാന ലോട്ടറി വ്യാപകമാക്കിയതോടെയും അന്യസംസ്ഥാന ലോട്ടറികളെ പുറത്താക്കിയതുമാണ് ഈ നേട്ടത്തിനു കാരണമെന്നു മന്ത്രി കെ എം മാണി പറഞ്ഞു.

അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ കേസുകളില്‍ 18 എണ്ണം വ്യാജമെന്നു സിബിഐ വിലയിരുത്തിയതില്‍ ദുരൂഹതയുണ്ടെന്നും മന്ത്രി ആരോപിച്ചു. കഴിഞ്ഞ വര്‍ഷം വില്‍പന 1287 കോടിയായിരുന്ന സ്ഥാനത്താണ്‌ ഇക്കുറി 2500 കോടിയിലെത്തിയത്‌. മുന്‍വര്‍ഷം 7000 ഏജന്റുമാര്‍ ഉണ്ടായിരുന്നത്‌ 22000 ആയി.

ലോട്ടറിയില്‍ നിന്നു 394 കോടി രൂപ ലാഭവും 96 കോടി നികുതി വരുമാനവും കഴിഞ്ഞ വര്‍ഷം ഉണ്ടായി. ഇക്കൊല്ലം 800 കോടിയാണു ലാഭപ്രതീക്ഷ. ടിക്കറ്റുകളുടെ അച്ചടി 35 ലക്ഷത്തില്‍ നിന്നു 45 ലക്ഷമായി വര്‍ധിപ്പിക്കും.

കാരുണ്യ ഭാഗ്യക്കുറി ഇതുവരെ 112 കോടി രൂപ അറ്റാദായം നല്‍കിയിട്ടുണ്ട്‌. ഇതില്‍ നിന്ന്‌ 5404 രോഗികള്‍ക്ക്‌ 56.14 കോടി രൂപ വിതരണം ചെയ്‌തു. ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധിയില്‍ നിന്നു 2196 പേര്‍ക്ക്‌ 77.5 ലക്ഷം രൂപയുടെ ധനസഹായവും നല്‍കി.

കാരുണ്യ ലോട്ടറിയില്‍ നിന്നുള്ള ചികില്‍സാ സഹായത്തിന്റെ പരിധിയില്‍ എല്ലാ ജില്ലയിലെയും പ്രമുഖ സ്വകാര്യ ആശുപത്രികളെയും കൂടി ഉള്‍പ്പെടുത്തിയെന്നു മന്ത്രി അറിയിച്ചു.

സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കുകളില്‍ തിരുവനന്തപുരം, കോഴിക്കോട്‌, ആലപ്പുഴ മെഡിക്കല്‍ കോളജുകളില്‍ കാരുണ്യ ഡയാലിസിസ്‌ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കി.

മെഡിക്കല്‍ കോളജുകളിലെയും ആര്‍സിസി, ശ്രീചിത്ര എന്നിവിടങ്ങളിലെയും കൂട്ടിരിപ്പുകാര്‍ക്കു വിശ്രമിക്കാന്‍ കാരുണ്യ വീടുകള്‍ പണിയും. ആരോഗ്യവകുപ്പ്‌ സ്ഥലം അനുവദിക്കുന്ന മുറയ്ക്ക് മാത്രമേ ഇവ നിര്‍മിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.