രാജ്യത്ത് നാണയപ്പെരുപ്പം വീണ്ടും കുറഞ്ഞു

Webdunia
വ്യാഴം, 26 ഫെബ്രുവരി 2009 (14:45 IST)
രാജ്യത്ത് നാണയപ്പെരുപ്പം വീണ്ടും കുറഞ്ഞു. ഫെബ്രുവരി 14ന് അവസാനിച്ച ആഴ്ചയില്‍ 3.36 ശതമാനമായാണ് നാണയപ്പെരുപ്പം കുറഞ്ഞത്. കഴിഞ്ഞ 15 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിരക്ക് തൊട്ട് മുന്‍ ആഴ്ചയില്‍ 3.92 ശതമാനമായിരുന്നു.

കഴിഞ്ഞ വര്‍ഷം ഈ സമയത്ത് നാണയപ്പെരുപ്പം 5.56 ശതമാനമായിരുന്നു. ഉപഭോക്തൃ വിലസൂചികയേക്കാള്‍ മൊത്ത വിലസൂചിക അടിസ്ഥാനപ്പെടുത്തിയാണ് നിരക്ക് നിശ്ചയിച്ചത്. ഇന്ധനവില കുറഞ്ഞതും നിര്‍മ്മാണ സാമഗ്രികളുടെ വിലയിലുണ്ടായ ഇടിവുമാണ് പ്രധാനമായും നാണയപ്പെരുപ്പനിരക്കിനെ നിയന്ത്രിച്ചത്. നിര്‍മ്മാണ സാമഗ്രികളുടെ വിലയില്‍ 0.1 ശതമാനത്തോളം കുറവ് നേരിട്ടു. അവശ്യസാധനങ്ങളുടെ വിലയിലും നേരിയ ഇടിവ് സംഭവിച്ചു.

ആഭ്യന്തര ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിനായി ചൊവ്വാഴ്ച കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് നികുതിയിലും സേവന നികുതിയിലും രണ്ട് ശതമാനം വീതം കുറവേര്‍പ്പെടുത്തിയിട്ടുണ്ട്. മാന്ദ്യം നേരിടുന്ന സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനായി പലിശ നിരക്കില്‍ കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം സാമ്പത്തിക കാര്യ മന്ത്രാലയത്തിന്‍റെ ചുമതലയുള്ള മന്ത്രി പ്രണബ് മുഖര്‍ജി ആര്‍ബിഐയോടും മറ്റ് ബാങ്കുകളോടും ആവശ്യപ്പെട്ടിരുന്നു.