രാജുവിനെ ഐ‌-ടി വിഭാഗം ചോദ്യം ചെയ്യുന്നു

Webdunia
ശനി, 21 ഫെബ്രുവരി 2009 (18:14 IST)
സത്യം കുംഭകോണവുമായി ബന്ധപ്പെട്ട് മുന്‍ ചെയര്‍മാന്‍ ബി രാമലിംഗ രാജുവിനെ ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാന്‍ തുടങ്ങി. ഹൈദരാബാദിലെ ചഞ്ചല്‍ഗുഡ ജയിലിലാണ് രാവിലെയെത്തിയ ഐ‌-ടി സംഘം രാജുവിനെ ചോദ്യം ചെയ്യുന്നത്.

കമ്പനിയിലെ പണം തിരിമറി നടത്തിയെന്ന ആരോപണം സംബന്ധിച്ചും കമ്പനി വരുമാനം പെരുപ്പിച്ചുകാണിച്ചത് സംബന്ധിച്ചുമുള്ള നിരവധി വിവരങ്ങള്‍ നാലംഗ സംഘം അന്വേഷിച്ചറിയും. നേരത്തെ സുപ്രീം കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് മാര്‍ക്കറ്റിംഗ് റഗുലേറ്ററിംഗ് ഏജന്‍സിയായ സെബിയുടെ ഉദ്യോഗസ്ഥരും രാമലിംഗ രാജുവിനെയും സഹോദരന്‍ രാമരാജുവിനെയും ചോദ്യം ചെയ്തിരുന്നു. മൂന്ന് ദിവസമാണ് സെബി സംഘം സംഘം ഇവരെ ചോദ്യം ചെയ്തത്.

കമ്പനി കണക്കുകളില്‍ 7,800 കോടി രൂപയുടെ തിരിമറി നടത്തിയെന്ന് ജനുവരി ഏഴിന് അന്നത്തെ ചെയര്‍മാന്‍ രാമലിംഗ രാജുവിന്‍റെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് സത്യം കമ്പ്യൂട്ടര്‍ സര്‍വീസസ് പ്രതിസന്ധിയിലായത്. കോര്‍പറേറ്റ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിമറിയായിരുന്നു ഇത്. ആന്ധ്രപ്രദേശ് പൊലീസിലെ സി‌ഐ‌ഡി സംഘം അന്വേഷിക്കുന്ന കേസ് കഴിഞ്ഞ ദിവസം സി‌ബി‌ഐക്ക് കൈമാറിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.