മുത്തൂറ്റ്‌ കാപ്പിറ്റലിന് 1.36 കോടി ലാഭം

Webdunia
വ്യാഴം, 30 ഒക്‌ടോബര്‍ 2008 (16:22 IST)
പ്രമുഖ ബാങ്കിംഗ് ഇതര സ്ഥാപനമായ മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ 1.36 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു. കമ്പനിയുടെ മാനേജിംഗ്‌ ഡയറക്‌ടര്‍ തോമസ്‌ ജോര്‍ജ്‌ മുത്തൂറ്റ്‌ അറിയിച്ചതാണിത്.

2008-09 ലെ ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള അറ്റാദായത്തില്‍ 60.79 ശതമാനം വര്‍ദ്ധനയാണുണ്ടായത്. അതേ സമയം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 84.81 ലക്ഷം രൂപയായിരുന്നു.

ഇതിനൊപ്പം അവലോകന കാലയളവില്‍ കമ്പനിയുടെ മൊത്തം വരുമാനം 2.79 കോടി രൂപയില്‍ നിന്നും 4.36 കോടി രൂപയായി.

ധനകാര്യ മേഖലയിലെ പണലഭ്യത കുറഞ്ഞതിനാല്‍ പലിശ നിരക്ക്‌ ഉയര്‍ന്നിട്ടും പലിശ ചെലവ്‌ 1.46 കോടി രൂപയായി നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതായി തോമസ് ജോര്‍ജ്ജ് പറഞ്ഞു.

കടുത്ത ചെലവു ചുരുക്കല്‍ നടപടികള്‍ മൂലമാണ്‌ പ്രവര്‍ത്തന ലാഭത്തില്‍ ഗണ്യമായ വര്‍ധന സൃഷ്‌ടിക്കാനായതെന്ന്‌ കമ്പനി സി.ഇ.ഒ ആര്‍. മനോമോഹനന്‍ പറഞ്ഞു. ഇതിനൊപ്പം രാജ്യത്തെ ധനകാര്യ മേഖല സ്ഥിരതയിലെത്തുമ്പോള്‍ നിരവധി പുതിയ ഉത്‌പന്നങ്ങള്‍ പുറത്തിറക്കാന്‍ കമ്പനി തയ്യാറെടുക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു.