മഹീന്ദ്ര മോട്ടോഴ്സിന്റെ വൈദ്യുത കാർ 'ഇ വേരിറ്റോ' പുറത്തിറക്കി

Webdunia
വെള്ളി, 3 ജൂണ്‍ 2016 (09:28 IST)
മഹീന്ദ്ര മോട്ടോഴ്സിന്റെ വൈദ്യുത കാർ ഇ വേരിറ്റോ പുറത്തിറക്കി. പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഇ വേരിറ്റോയുടെ മൂന്നു വകഭേദങ്ങൾ ഇപ്പോള്‍ ലഭ്യമാണ്. ഒരു മണിക്കൂർ 45 മിനിട്ടു കൊണ്ടു പൂ‍ജ്യത്തിൽ നിന്ന് 80 ശതമാനം ചാർജു ചെയ്യാനാവുന്ന അത്യാധുനിക സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
 
ഗ്രീൻ, കണക്ടഡ് , കൺവീനിയന്റ്, കോസ്റ്റ് ഇഫ്ക്ടീവ് വെഹിക്കിൾ സാങ്കേതികവിദ്യകൾ പുതിയ സെഡാനിൽ ഉപയോഗിച്ചിരിക്കുന്നുവെന്നു കമ്പനി വ്യക്തമാക്കി. ഫുൾചാർജിൽ 110 കിലോമീറ്റർ സഞ്ചരിക്കാനാവുന്ന കാറിനു 86 കിലോമീറ്ററാണു പരമാവധി വേഗത. ഏറ്റവും അത്യാധുനിക വൈദ്യുത ഡ്രൈവ്ട്രെയ്ൻ ടെക്നോളജിയോടൊപ്പം സിംഗിൾ സ്പീഡ് ട്രാൻസ്മിഷൻ നൽകിയിരിക്കുന്നു. ഗ്ലച്ച് ഇല്ല. ഓട്ടമാറ്റിക് ട്രാൻസ്മിഷനു സമാനം. കിലോമീറ്ററിനു 1.15 രൂപ മാത്രമാണു യാത്രാചെലവ്.
 
സീറോ എമിഷൻ, ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചിരിക്കുന്ന ബ്രേക്ക് ഉപയോഗിക്കുമ്പോൾ ബാറ്ററി ചാർജാകുന്ന റിജനറേറ്റിവ് ബ്രേക്കിങ് എന്നിവയാണ് ഇ-വേരിറ്റോയിലെ പ്രധാന ഗ്രീൻ ഫീച്ചറുകൾ. ഇതു മൂലം ഏതാനും കിലോമീറ്ററുകൾ വരെ അധികം ലഭിക്കുമെന്നു കമ്പനി അവകാശപ്പെടുന്നു. യാത്രാമദ്ധ്യേ ചാര്‍ജു തീരാറായാൽ തൊട്ടടുത്ത ചാർജിങ് സ്റ്റേഷൻ വരെയെത്താൻ റിവൈവ് ഫീച്ചർ സഹായിക്കും. പരമാവധി എട്ടു കിലോമീറ്റർ വരെ റിവൈവ് മോഡിൽ സഞ്ചരിക്കാനാകും.
 
മെയിന്റനൻസ് ഫ്രീ 72 വി ലീഥിയം ഇയോൺ ബാറ്ററി, ഗ്ലച്ചില്ലാത്ത എൻജിൻ എന്നിവ വാഹനത്തിന്റെ ദൈനംദിന പരിരക്ഷാചിലവു കുറയ്ക്കുമെന്ന് കമ്പനി അറിയിച്ചു. ആദ്യ ഘട്ടത്തിൽ ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത, പൂണെ, ചണ്ഡീഗഡ്, ഹൈദ്രബാദ്, ജയ്പൂർ, നാഗ്പൂർ എന്നീ നഗരങ്ങളിൽ മാത്രമാണ് ഈ മോഡൽ ഇപ്പോൾ ലഭ്യമാകുക. ഡൽഹി എക്സ്ഷോറൂമിൽ 9.5 ലക്ഷം രൂപയാണു പ്രാരംഭവില.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 
Next Article