ബാങ്ക് സമരം: രാജ്യത്തെ ബാങ്കിംഗ് മേഖല സ്തംഭിച്ചു

Webdunia
തിങ്കള്‍, 10 ഫെബ്രുവരി 2014 (13:01 IST)
PRO
PRO
ദേശവ്യാപകമായി ബാങ്ക്‌ ജീവനക്കാര്‍ നടത്തുന്ന രണ്ടു ദിവസത്തെ സമരം ആരംഭിച്ചതോടെ ബാങ്കിംഗ് മേഖല സ്തംഭിച്ചു. തിങ്കളാഴ്‌ച രാവിലെ ആറു മുതല്‍ ബുധനാഴ്‌ച രാവിലെ ആറു വരെയാണ്‌ സമരം. രാജ്യത്തെ ബാങ്കിംഗ്‌ മേഖലയിലെ 10 ലക്ഷത്തോളം വരുന്ന ജീവനക്കാരും ഉദ്യോഗസ്‌ഥരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സംസ്‌ഥാനത്തെ ബാങ്കുകളെല്ലാം അടഞ്ഞുകിടക്കുകയാണ്‌.

വേതന പരിഷ്‌ക്കരണം നടപ്പിലാക്കുക, സ്വകാര്യവത്‌ക്കരണം അടക്കമുള്ള ജനവിരുദ്ധ നടപടികളില്‍ നിന്ന്‌ പിന്‍മാറുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം‌. ബാങ്കിംഗ്‌ മേഖലയിലെ ജോലിക്കാരുടെ സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ്‌ ഫോറം ഓഫ്‌ ബാങ്ക്‌ യൂണിയനാണ്‌ സമരത്തിന്‌ നേതൃത്വം നല്‍കുന്നത്‌.

രണ്ടാം ശനിക്കും ഞായറിനും ശേഷമുള്ള രണ്ടു ദിവസം സമരമായതിനാല്‍ ബാങ്കുകള്‍ പൂര്‍ണ്ണമായി പ്രവര്‍ത്തിക്കാത്ത തുടര്‍ച്ചയായ നാലു ദിവസമാണ്‌ രാജ്യത്തുണ്ടാകുന്നത്‌. ഇത്‌ രാജ്യത്തെ വാണിജ്യമേഖലയെ പ്രതികൂലമായി ബാധിക്കും. തിങ്കളാഴ്‌ചയോടെ മിക്കവാറും എടിഎം കൗണ്ടറുകളുടെ പ്രവര്‍ത്തനവും നിലച്ചേക്കും.