പിരിച്ചുവിടലുണ്ടായേക്കും: ടിസിഎസ്

Webdunia
വ്യാഴം, 26 ഫെബ്രുവരി 2009 (18:09 IST)
ആഗോള സാമ്പത്തിക മാന്ദ്യം ചെറുക്കാന്‍ പിരിച്ചുവിടല്‍ പോലുള്ള ചെലവ് ചുരുക്കല്‍ മാര്‍ഗങ്ങള്‍ കമ്പനി സ്വീകരിച്ചേക്കുമെന്ന് പ്രമുഖ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് അറിയിച്ചു. അടുത്ത വര്‍ഷം കമ്പനിയില്‍ ശമ്പള വര്‍ദ്ധനവ് ഉണ്ടാവില്ലെന്നും മാനേജിംഗ് ഡയറക്ടര്‍ എസ് രാമദുരൈ അറിയിച്ചു.

കമ്പനിയില്‍ ഉയര്‍ന്ന റാങ്കിലേക്കുള്ള നേരിട്ടുള്ള നിയമനങ്ങള്‍ മരവിപ്പിച്ചതായും ജീവനക്കാര്‍ക്ക് ശമ്പളത്തോടൊപ്പം നല്‍കുന്ന മറ്റ് ആനുകൂല്യങ്ങള്‍ കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ റാങ്കനുസരിച്ച് അടിസ്ഥാന ശമ്പളത്തിന്‍റെ 22 ശതമാനം മുതല്‍ 35 ശതമാനം വരെ ഇതര ആനുകൂല്യങ്ങള്‍ കമ്പനി നല്‍കുന്നുണ്ട്. ടിസിഎസിന്‍റെ മൊത്തം വരുമാനത്തിന്‍റെ എട്ട് ശതമാനത്തോളം ഇത്തരത്തിലുള്ള ആനുകൂല്യങ്ങള്‍ നല്‍കാനായി ചെലവിടുന്നുണ്ട്.

അടുത്തവര്‍ഷം മുതല്‍ ജോലിസമയം ആഴ്ചയില്‍ 40 മുതല്‍ 45വരെ മണിക്കൂറായി ഉയര്‍ത്തുമെന്നും കമ്പനി അറിയിച്ചു. മൊത്തം 1.3 ലക്ഷം ജീവനക്കാരാണ് കമ്പനിയിലുള്ളത്.