പരസ്യത്തിന് മാത്രം കഴിഞ്ഞവര്‍ഷം നെസ്‌ലെ ചെലവഴിച്ചത് 445 കോടി

Webdunia
തിങ്കള്‍, 8 ജൂണ്‍ 2015 (11:08 IST)
കഴിഞ്ഞവര്‍ഷം പരസ്യത്തിനു മാത്രമായി  മാഗി ന്യൂഡില്‍സിന്റെ നിര്‍മ്മാതാക്കളായ നെസ്‌ലെ ചെലവഴിച്ചത് 445 കോടി. രാജ്യത്ത് മാഗി ന്യൂഡില്‍സ് നിരോധിച്ചതിനു തൊട്ടു പിന്നാലെയാണ് ഈ കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്. അതേസമയം, ഉല്പന്നങ്ങളുടെ നിലവാര പരിശോധനയ്ക്കായി 19 കോടി മാത്രമാണ് ചെലവഴിച്ചത്.
 
അനുവദനീയമായതിലും കൂടുതല്‍ അളവില്‍ രാസവസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാഗി ന്യൂഡില്‍സ് രാജ്യത്ത് നിരോധിച്ചത്. അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത് തുടങ്ങിയ വമ്പന്‍ ബോളിവുഡ് താരങ്ങളായിരുന്നു മാഗി പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.
 
കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലും പരസ്യങ്ങള്‍ക്കും മറ്റു പ്രചാരണത്തിനുമായി പ്രതിവര്‍ഷം 300 മുതല്‍ 450 വരെ കോടി രൂപ വരെ കമ്പനി ചെലവഴിച്ചപ്പോള്‍ ഉത്പന്നത്തിന്റെ ഗുണനിലവാരം അളക്കുന്നതിന് വര്‍ഷം 12 കോടി മുതല്‍ 20 കോടിവരെ മാത്രമാണ് ചെലവഴിച്ചത്.
 
യാത്രകള്‍ക്കും ജീവനക്കാര്‍ക്കുള്ള പരിശീലനത്തിനും ഇതിലുമധികം തുക ചെലവഴിച്ചിട്ടുണ്ട്. 2014ല്‍ 68 കോടി രൂപയാണ് ഇത്തരം കാര്യങ്ങള്‍ക്കായി ചെലവഴിച്ചത്.