നോക്കിയ ഇനി പേരും മാറും

Webdunia
തിങ്കള്‍, 21 ഏപ്രില്‍ 2014 (14:21 IST)
PTI
PTI
നോക്കിയ മൊബൈല്‍ കമ്പനിയെ മൈക്രൊ സോഫ്റ്റ് ഏറ്റേടുത്തതിനു പിന്നാലെ മൊബൈല്‍ ഡിവിഷന്റെ പേരുമാറ്റാനുള്ള തയാറെടുപ്പിലാണ് മൈക്രോസൊഫ്റ്റ്. നോക്കിയ ഒവൈജെ എന്ന പേര് മൈക്രോസോഫ്റ്റ് മൊബൈല്‍ ഒവൈ എന്നാക്കി മാറ്റാനാണ് അവരുടെ തീരുമാനം.

ഇതുമായി ബന്ധപ്പെട്ട് ഫിന്‍ലാന്‍ഡിലെ തങ്ങളുടെ ഫ്രാഞ്ചെസികള്‍ക്ക് നോക്കിയ സന്ദേശം അയച്ചതോടെയാണ് വാര്‍ത്ത പുറത്തു വന്നത്. 720 കോടി ഡോളറിനാണ് നോക്കിയയെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തത്. ഇതില്‍ ഇന്ത്യയിലെ ഫോണ്‍ നിര്‍മാണ ഫാക്ടറി അടക്കമുള്ള ആസ്‌തികള്‍ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ കൈമാറ്റം പൂര്‍ത്തിയാക്കാന്‍ ഈ മാസം അവസാ‍നം വരെ സമയം ഉണ്ട്.

കഴിഞ്ഞ മാര്‍ച്ചില്‍ പൂര്‍ത്തിയാകേണ്ടിയിരുന്ന കൈമാറ്റ നടപടിക്രമങ്ങള്‍ ചൈനയിലെ അധികാരികളില്‍ നിന്നുള്ള അംഗീകാരം കിട്ടാന്‍ വൈകിയതോടെ ഏപ്രില്‍ അവസാനത്തിലേക്ക് നീളുകയായിരുന്നു. ചെന്നൈയിലെ നോക്കിയയുടെ നിര്‍മാണ പ്ളാന്റും നികുതി വകുപ്പും തമ്മിലുണ്ടായ പ്രശ്നങ്ങളും വില്പന ക്രമങ്ങള്‍ വൈകുന്നതിന് കാരണമായി.

കരാറിന്റെ ഭാഗമായി നോക്കിയയുടെ ഉടമസ്ഥതയിലുള്ള പേറ്റന്‍റുകളിലെ അവകാശം അടുത്ത പത്തു വര്‍ഷത്തേക്ക് മൈക്രോസോഫ്റ്റിനായിരിക്കും. എന്നാല്‍ ഈ പേറ്റന്‍റുകള്‍ മൈക്രോസോഫ്റ്റിന് മാത്രം അവകാശപ്പെട്ടതായിരിക്കില്ല. ലൂമിയ,​ ആശ എന്നീ ഫോണുകളുടെ അവകാശവും മൈക്രോസോഫ്‌റ്റ് വാങ്ങിയിട്ടുണ്ട്.

പതിനാലു വര്‍ഷമായി മൊബൈല്‍ ഫോണ്‍ മേഖലയിലെ അതികായന്മാരായിരുന്ന നോക്കിയയ്ക്ക് തിരിച്ചടിയായത് സ്മാര്‍ട്ട് ഫോണ്‍ രംഗത്തേക്ക് സാംസങ് കടന്നുവന്നതോടെയാണ്.