തടിയന്മാരെ തൂക്കി ടിക്കറ്റിനു വിലയിടാന്‍ വിമാന കമ്പനി

Webdunia
ബുധന്‍, 3 ഏപ്രില്‍ 2013 (11:43 IST)
PRO
‘ഇവിടെ ഇങ്ങനാണ് ഭായ്‘ തടിയന്‍‌മാരോട് ഇങ്ങനെ പറയുന്നത് സമോവ എയര്‍ലൈന്‍സാണ്. തടിയന്മാര്‍ക്ക് അത്ര ശുഭകരമായ വാര്‍ത്തയല്ല പുറത്ത് വരുന്നത് അധിക തുക്കത്തിനനുസരിച്ച് ടിക്കറ്റ് ചാര്‍ജ് സമോവ എയര്‍ലൈന്‍സ് വര്‍ദ്ധിപ്പിക്കും.

ദൂരം കൂടുന്നതിനനുസരിച്ചും തടിയന്മാരായ യാത്രക്കാരുടെ കീശയും കാലിയാവും. അമിതവണ്ണമുള്ളവര്‍ക്ക് കിലോഗ്രാമിന് നാലു ഡോളര്‍ വരെ വര്‍ദ്ധിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ടിക്കറ്റിന് അപേക്ഷിക്കുമ്പോള്‍ തൂക്കം കൂടി നല്‍കേണ്ടി വരും.

അമിതവണ്ണം പ്രശ്നമാകുന്നതിനാല്‍ വിമാനത്തിലെ സീറ്റുകളുടെ വീതി കൂട്ടണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. കൂടാതെ ചിലതടിയന്‍മാര്‍ക്ക് ലാര്‍ജ് സീറ്റും ചിലപ്പോഴൊക്കെ എക്സ്ട്രാ ലാര്‍ജ് സീറ്റും ആവശ്യമായി വന്നിരുന്നു.

ഭാരത്തിന്റെ അടിസ്ഥാനത്തിലാണ് വിമാനം സഞ്ചരിക്കുന്നതെന്നും സീറ്റിന്റെ അടിസ്ഥാനത്തിലല്ലെന്നും ഒരു നിശ്ചിത ശതമാനം ഭാരം മാത്രമെ വിമാനത്തിന് വഹിക്കാ‍നാവുകയുള്ളെന്നും അതിനാല്‍ ഭാരത്തിന് വില നല്‍കണമെന്നും എയര്‍ലൈന്‍സ് സി ഇ ഒ ക്രിസ് ലാങ്ടണ്‍ പറഞ്ഞു.

എന്നാല്‍ ഭാരം കുറവുള്ള ഒരു കുട്ടിയാണെങ്കില്‍ ടിക്കറ്റ് ചാര്‍ജ് കുറവായിരിക്കും. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ ഈ തീരുമാനത്തിനെതിരെ വന്‍‌കോലാഹലങ്ങളാണ് അനുകൂലമായും പ്രതികൂലമായും ഉണ്ടായിട്ടുള്ളത്.