അന്യായമായി വിമാന ടിക്കറ്റ് റദ്ദാക്കിയതിന് എയര്‍ ഇന്ത്യ 90,000 രൂപ നഷ്‌ടപരിഹാരം നല്‍കണമെന്ന് ദേശീയ ഉപഭോക്‌തൃ തര്‍ക്കപരിഹാര കമ്മിഷന്‍ വിധിച്ചു. ചെന്നൈ സ്വദേശിനിയായ ഒരു വനിതാ ഡോക്ടറുടെയും പെണ്‍മക്കളുടേയും ടിക്കറ്റ് റദ്ദാക്കിയ സംഭവത്തിലാണ് കമ്മിഷന്റെ വിധി.
വനിതാ ഡോക്ടര്‍ക്കും പെണ്‍മക്കള്‍ക്കും സിംഗപ്പൂരിലേക്കുളള വിമാനത്തില്‍ എയര്‍ ഇന്ത്യ യാത്രാനുമതി നിഷേധിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് സിംഗപ്പൂരില്‍ എത്താന്‍ വൈകിയതിനാല്‍ ഇവര്‍ക്ക് മെല്‍ബണിലേക്കുളള കണക്ഷന്‍ ഫ്ലൈറ്റ് കിട്ടിയില്ല. എയര്‍ ഇന്ത്യയുടെ നടപടി മൂലം 36 മണിക്കൂര്‍ അധികം യാത്ര ചെയ്യേണ്ടി വന്നു എന്നായിരുന്നു വനിതാ ഡോക്ടര്‍ പരാതി നല്‍കിയത്.
യുവതിയുടെ പരാതി ഫയലില്‍ സ്വീകരിച്ച ചെന്നൈ ഉപഭോക്‌തൃ തര്‍ക്കപരിഹാര കമ്മിഷന്‍ ജില്ലാ ഫോറം, യുവതിയ്ക്കും മക്കള്‍ക്കുമായി 25,000രൂപ നഷ്ടപരിഹാരമായും 5,000രൂപ കോടതി ചിലവിനത്തിലും നല്‍കാന്‍ എയര്‍ ഇന്ത്യയോടും ട്രാവല്‍ ഏജന്‍സിയോടും ഉത്തരവിട്ടിരുന്നു. ഇത് തമിഴ്‌നാട് ഉപഭോക്‌തൃ തര്‍ക്കപരിഹാര കമ്മിഷന്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. തമിഴ്‌നാട് ഉപഭോക്‌തൃ തര്‍ക്കപരിഹാര കമ്മിഷന്റെ വിധിക്കെതിരെ എയര്‍ ഇന്ത്യ നല്‍കിയ അപ്പീല്‍ തളളിക്കൊണ്ടാണ് ദേശീയ കമ്മിഷന്‍ നഷ്‌ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.