കേരളത്തിലും ഇനി ‌കെ എസ് ആര്‍ ടി സിയില്‍ ജിപി‌എസ്

Webdunia
ചൊവ്വ, 26 മാര്‍ച്ച് 2013 (16:41 IST)
PRO
കെഎസ്ആര്‍ടിസിയില്‍ ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയെ അറിയിച്ചു. ബസുകളുടെ വേഗത, ഇന്ധനലഭ്യത, യാത്രക്കാരുടെ എണ്ണം, സീറ്റുകളുടെ ലഭ്യത എന്നിവ അറിയുന്നതിനും ജീവനക്കാര്‍ക്കു നേരിട്ടുനിര്‍ദേശം നല്‍കുന്നതിനുമാണ് കെഎസ്ആര്‍ടിസിയില്‍ ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തുന്നത്.

ബസിനുള്ളില്‍ ഘടിപ്പിക്കുന്ന ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡിലൂടെ ബസ് കടന്നുപോകുന്ന സ്ഥലവും ബസ് അടുത്ത സ്റ്റേഷനില്‍ എത്തുന്ന സമയവും കൃത്യമായി യാത്രക്കാരന് അറിയാന്‍ കഴിയും. കെഎസ്ആര്‍ടിസി ഡിപ്പോയില്‍ സ്ഥാപിക്കുന്ന ഡിസ്പ്ലേബോര്‍ഡിലൂടെ ബസുകളുടെ പോക്കുവരവു സംബന്ധിച്ച യഥാര്‍ഥസമയവിവരം സാറ്റലൈറ്റിന്‍റെ സഹായത്താല്‍ ജിപിഎസിലൂടെ ലഭ്യമാക്കാനും ഇന്‍റര്‍നെറ്റ് മുഖേനയും എസ്എംഎസ് മുഖേനയും യാത്രക്കാര്‍ക്ക് ബസിന്‍റെ പോക്കുവരവ് റിയല്‍ടൈം ആയി മനസിലാക്കാനാകും. റിയല്‍ടൈം റിസര്‍വേഷന്‍ നടത്താനും കഴിയും.

കണ്ടക്റ്ററുടെ കൈവശമുള്ള ഇലക് ട്രോണിക് ടിക്കറ്റിങ് മെഷീനുമായി ബന്ധിപ്പിച്ച് ബസിലെ യാത്രക്കാരുടെ എണ്ണം ലഭ്യമാക്കാനും അതിലൂടെ സീറ്റിന്‍റെ ലഭ്യത അറിയാനും കഴിയും. ഏകദേശം നാലുകോടിയോളം രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു.