കേന്ദ്ര സഹായം ലഭിച്ചില്ലെങ്കില്‍ കെഎസ്‌ആര്‍ടിസിയുടെ നില ഗുരുതരാവസ്ഥയിലാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. പൊതുമേഖലയെ തകര്‍ക്കുന്ന നീക്കങ്ങളില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണം. വൈദ്യുതി വിതരണം സ്വകാര്യ മേഖലയ്‌ക്ക് നല്‍കാന്‍ തീരുമാനിച്ചിട്ടില്ല. ഇതു സംബന്ധിച്ച് കത്ത് അയച്ചതായി അറിയില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി വിതരണം സ്വകാര്യവത്‌ക്കരിക്കുന്നതിനേയും വര്‍ഷം തോറും നിരക്ക് വര്‍ധന നടപ്പാക്കുന്നതിനേയും അനുകൂലിച്ച് സംസ്‌ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു എന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കെഎസ്‌ആര്‍ടിസിയെ പ്രതിസന്ധിയിലാക്കുന്ന ഒരു തീരുമാനവും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കില്ല എന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ഡീസല്‍ വില വര്‍ധനയേ തുടര്‍ന്ന് നിലവില്‍ കെഎസ്‌ആര്‍ടിസി 923 സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ഗതാഗതമന്ത്രിയുടെ മണ്ഡലമായ നിലമ്പൂരില്‍ മാത്രമാണ് സര്‍വീസുകള്‍ മുടക്കമില്ലാതെ നടക്കുന്നത്.