മുന്‍ ചെയര്‍മാന്‍റെ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് പ്രതിസന്ധിയിലായ സത്യം കമ്പ്യൂട്ടര്‍ സര്‍വീസസിന്‍റെ ഓഡിറ്റര്‍ സ്ഥാനത്ത് നിന്ന് പിന്‍വാങ്ങുന്നതായി പ്രൈസ് വാട്ടര്‍ഹൌസ് കൂപ്പേഴ്സ് അറിയിച്ചു. ഫെബ്രുവരി 12 മുതല്‍ തീരുമാനത്തിന് പ്രാബല്യമുണ്ടാവും. സത്യം ക്രമക്കേടുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണങ്ങളോട് പൂര്‍ണ്ണമായി സഹകരിക്കുമെന്നും പ്രൈസ് വാട്ടര്‍ഹൌസ് കൂപ്പേഴ്സ് അറിയിച്ചു.
സത്യത്തിന്‍റെ ഓഡിറ്റര്‍ സ്ഥാനത്ത് നിന്ന് പ്രൈസ് വാട്ടര്‍ഹൌസ് കൂപ്പേഴ്സിനെ മാറ്റാന്‍ കഴിഞ്ഞ ദിവസം കമ്പനിയുടെ കമ്പ്യൂട്ടര്‍ ബോര്‍ഡ്, കേന്ദ്ര കമ്പനി കാര്യമന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിരുന്നു. പുതിയ ഓഡിറ്റര്‍മാരെ നിയമിക്കുന്ന കാര്യം പരിഗണിച്ചു വരുന്നതായി സത്യം പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ പറയുന്നു.
കമ്പനി കണക്കുകളില്‍ 7800 കോടിയുടെ കൃത്രിമം കാണിച്ചെന്ന മുന്‍ ചെയര്‍മാന്‍ ബി രാമലിംഗ രാജുവിന്‍റെ ജനുവരി ഏഴിലെ വെളിപ്പെടുത്തലുകളെത്തുടര്‍ന്നാണ് സത്യം കമ്പ്യൂട്ടര്‍ സര്‍വീസസ് പ്രതിസന്ധിയിലാകുന്നത്. രാമലിംഗ രാജുവും സഹോദരന്‍ രാമരാജുവും കമ്പനി മുന്‍ സിഎഫ്‌ഒ വദ്‌ലാമണി ശ്രീനിവാസും പ്രൈസ് വാട്ടര്‍ഹൌസ് കൂപ്പേഴ്സ് ഓഡിറ്റര്‍മാരായ എസ് ഗോപാലകൃഷ്ണനും തല്ലൂരി ശ്രീനിവാസും കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഹൈദരാബാദ് ചഞ്ചല്‍ഗുഡ ജയിലില്‍ കഴിയുന്ന ഇവരുടെ ജുഡീഷ്യല്‍ റിമാന്‍ഡ് കാലാവധി മാര്‍ച്ച് ഏഴ് വരെ നീട്ടിക്കൊണ്ട് ഒരു പ്രാദേശിക കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
ആന്ധ്രപ്രദേശ് പൊലീസിലെ സിഐഡി വിഭാഗം അന്വേഷിച്ച കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. മാര്‍ക്കറ്റ് റെഗുലേറ്ററിംഗ് വിഭാഗമായ സെബിയും ആദായ നികുതി വിഭാഗവും വെവ്വേറെ അന്വേഷണങ്ങള്‍ നടത്തുന്നുണ്ട്. കോര്‍പറേറ്റ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിമറിയായാണ് സത്യം സംഭവം വിലയിരുത്തപ്പെടുന്നത്.