ഒമ്പത് സബ്സിഡി പാചകവാതക സിലിണ്ടറുകള്‍ ഒരു കുടുംബത്തിന്

Webdunia
വ്യാഴം, 17 ജനുവരി 2013 (14:06 IST)
PRO
നിലവില്‍ ഒരു കുടുംബത്തിനു പ്രതിവര്‍ഷം ആറു സബ്സിഡി സിലിണ്ടര്‍ എന്ന നിരക്കില്‍ നിന്നു ഒന്‍പതു ആയി ഉയര്‍ത്താന്‍ മന്ത്രിസഭായോഗ തീരുമാനം.

രാജ്യത്തു പാചകവാതക സിലിണ്ടറുകള്‍ക്ക്‌ സബ്സിഡി നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കടുത്ത നിയന്ത്രണങ്ങളില്‍ അയവുവരുത്താനാണ് കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്.

തീരുമാനം ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന്‌ റിപ്പോര്‍ട്ട്‌. തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ അനുമതിയോടെയാണ്‌ ഇതുസംബന്ധിച്ചുള്ള തീരുമാനം മന്ത്രിസഭായോഗം എടുത്തത്‌.

കര്‍ണാടക അടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ മന്ത്രിസഭായോഗത്തിന്റെ പ്രഖ്യാപനം പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാകുമെന്ന്‌ വിലയിരുത്തല്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ അനുമതി തേടിയത്‌.

കോണ്‍ഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സബ്സിഡി സിലിണ്ടറുകളുടെ എണ്ണം ആറില്‍ നിന്നു ഒന്‍പതാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ജനങ്ങളുടെ പ്രതിഷേധത്തിനു അയവുവരുത്താന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല. തെരഞ്ഞെടുപ്പില്‍ തിരിച്ചടി സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ്‌ ജനങ്ങളുടെ അസംതൃപ്തി നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചത്‌. ഇതേസമയം, ഡീസലിനും പെട്രോളിനും കുത്തനെ വില ഉയര്‍ത്തേണ്ടതില്ലെന്നും തീരുമാനമായിട്ടുണ്ട്‌. ചെറിയ തോതില്‍ വില വര്‍ധിപ്പിച്ച്‌ പിടിച്ചുനില്‍ക്കാനാണ്‌ നീക്കം.