ഒമ്പത് ശതമാനം വളര്‍ച്ച നേടും

Webdunia
വെള്ളി, 25 ഫെബ്രുവരി 2011 (17:36 IST)
PTI
ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന പുതിയ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഒമ്പത് ശതമാനത്തിലെത്തുമെന്ന് സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട്. തിങ്കളാഴ്ച അവതരിപ്പിക്കുന്ന കേന്ദ്ര പൊതുബജറ്റിന് മുന്നോടിയായി ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജിയാണ് പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച 8.6 ശതമാനമായിരിക്കുമെന്നും സര്‍വെ റിപ്പോര്‍ട്ടിലുണ്ട്. വരാനിരിക്കുന്ന രണ്ട് വര്‍ഷങ്ങളിലും മികച്ച സാമ്പത്തിക വളര്‍ച്ചാ നിരക്കാണ് ധനമന്ത്രാലയം പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പണപ്പെരുപ്പവും ഭക്‍ഷ്യവിലപ്പെരുപ്പവും പിടിച്ചുകെട്ടാനാവാത്തതാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. എന്നാല്‍ ചൈന, ഇറാന്‍, ബ്രസീല്‍, അര്‍ജന്റീന, ഈജിപ്ത്, ഇന്‍ഡോനേഷ്യ, പാകിസ്ഥാന്‍, റഷ്യ, തായ്‌ലന്‍ഡ്, തുര്‍ക്കി, ഉക്രൈന്‍, വിയറ്റ്‌നാം, ഉറുഗ്വെ എന്നീ രാജ്യങ്ങളില്‍ ഭക്‍ഷ്യ വിലപ്പെരുപ്പം ഇന്ത്യയുടേതിനേക്കാളും കൂടുതലാണ്. ഈ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ സ്ഥിതി അത്ര മോശമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാര്‍ച്ച് മാസത്തോടെ പണപ്പെരുപ്പം ഏഴു ശതമാനമായി കുറയുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഇന്നലെ പാര്‍ലമെന്റില്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

മൊത്ത പണച്ചുരുക്കം മുന്‍ വര്‍ഷത്തെ 6.3-ല്‍ നിന്നു നാലു ശതമാനമായി കുറയും. കാര്‍ഷിക മേഖലയില്‍ 5.4 ശതമാനം, വ്യാവസായിക രംഗത്ത് 8.6%, നിര്‍മാണ മേഖലയില്‍ 9%, എന്നിങ്ങനെ വളര്‍ച്ച ഉണ്ടായെന്നു റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കയറ്റുമതി മേഖല തളര്‍ച്ച നേരിടുകയാണ്. വിദേശത്തുനിന്നുള്ള നേരിട്ടുള്ള നിക്ഷേപം കുറയുന്നതിനാലാണിതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.