ഐഡിഎഫ്സി,​ ബന്ധന്‍ എന്നിവയ്ക്ക് ബാങ്കിംഗ് ലൈസന്‍സ്

വ്യാഴം, 3 ഏപ്രില്‍ 2014 (09:23 IST)
PRO
PRO
ഐഡിഎഫ്സി,​ ബന്ധന്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് പുതിയ ബാങ്കുകള്‍ തുടങ്ങാന്‍ റിസര്‍വ് ബാങ്ക് ലൈസന്‍സ് നല്‍കി. ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന പ്രക്രിയയെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയതിനെത്തുടര്‍ന്ന് ഈ നടപടികളുമായി റിസര്‍വ് ബാങ്ക് മുന്നോട്ടുപോകുകയായിരുന്നു. ലൈസന്‍സ് നല്‍കാനുള്ള പ്രക്രിയ ഒരു വര്‍ഷം മുമ്പേ തുടങ്ങിയതായതിനാല്‍ ചട്ടലംഘനമാവില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിസര്‍വ് ബാങ്കിനെ അറിയിച്ചിരുന്നു.

ബംഗാളിലെ ഒരു ചെറുഗ്രാമത്തില്‍ 2​001 ല്‍ തുടക്കമിട്ട മൈക്രോ ഫൈനാന്‍സ് കമ്പനിയാണ് ബന്ധന്‍ ഫൈനാന്‍ഷ്യന്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം. ഇന്ന് 22 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഇതിന്റെ പ്രവര്‍ത്തനം വ്യാപിച്ചിട്ടുണ്ട്. 1997ല്‍ ചെന്നൈയില്‍ പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനമാണ് ഇന്‍ഫ്രാസ്‌ട്രക്ചറല്‍ ഡെവലപ്‌മെന്റ് ഫൈനാന്‍സ് കമ്പനി. പിന്നീടിത് ബാങ്കിംഗ് ഇതര ഫൈനാന്‍സ് സ്ഥാപനമായും പബ്ലിക് ലിമിറ്റഡ് കന്പനിയായും മാറി. നിരവധി പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. രണ്ടു വര്‍ഷം മുന്പ് കാനഡയിലെ എസ്എന്‍സി ലാവ്‌ലിനുമായി ചേ‌ര്‍ന്ന് റോഡ് വികസനം ലക്‌ഷ്യമാക്കി പിരമല്‍ റോഡ്സ് ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ലിമിറ്റഡ് എന്ന കമ്പനി തുടങ്ങിയിരുന്നു.

ബാങ്കിങ് ലൈസന്‍സിന് പൊതുമേഖലയിലും സ്വകാര്യമേഖലയിലും നിന്നുമായി രണ്ട് ഡസനിലേറെ അപേക്ഷകരുണ്ട്. ഇന്ത്യാ പോസ്റ്റ്, ഐഎഫ്സിഐ, അനില്‍ അംബാനി ഗ്രൂപ്പ്, ആദിത്യബിര്‍ള ഗ്രൂപ്പ്, എല്‍ ആന്‍ഡ് ടി, കേരളത്തില്‍ നിന്ന് മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങിയവ ഇതില്‍പ്പെടും. തപാല്‍ വകുപ്പിന്റെ കീഴില്‍ ബാങ്ക് തുടങ്ങാനാണ് ഇന്ത്യാ പോസ്റ്റ് അപേക്ഷ നല്‍കിയിരിക്കുന്നത്. ലൈസന്‍സ് നല്‍കുന്ന നടപടികള്‍ക്ക് തടസമുണ്ടാകരുതെന്നപേക്ഷിച്ച് ഇന്ത്യാ പോസ്റ്റ് തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കിയിരുന്നു.

വെബ്ദുനിയ വായിക്കുക