ഐടി മേഖല കൂടുതല്‍ തളരും: ഇന്‍ഫോസിസ്

Webdunia
വെള്ളി, 27 ഫെബ്രുവരി 2009 (17:18 IST)
ഐടി മേഖല സമീപ ഭാവിയില്‍ കൂടുതല്‍ വെല്ലുവിളി നേരിട്ടേയ്ക്കുമെന്ന് രാജ്യത്തെ വലിയ രണ്ടാമത്തെ ഐടി സംരംഭമായ ഇന്‍ഫോസിസ് ടെക്നോളജീസ് അഭിപ്രായപ്പെട്ടു. സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് കരാറുകള്‍ ലഭിക്കാന്‍ താമസിക്കുന്നത് മൂലമാണിതെന്ന് ഇന്‍ഫോസിസ് സിഇഒ ക്രിസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ഏപ്രിലില്‍ ഇന്‍ഫോസിസ് ജീവനക്കാരുടെ കുറഞ്ഞ വേതന നിരക്ക് ഉയര്‍ത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഇന്ത്യയില്‍ മികച്ച ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ എഞ്ചിനീയര്‍മാരും ഇവിടത്തെ കുറഞ്ഞ ശമ്പളവും പാശ്ചാത്യ കമ്പനികളില്‍ നിന്നുള്ള പുറം ജോലിക്കരാര്‍ ആകര്‍ഷിക്കാന്‍ സഹായകമായിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സിറ്റി ഗ്രൂപ്പ്, ജനറല്‍ ഇലക്ട്രോണിക്സ്, ക്വാണ്ടാസ്, എയര്‍ബസ് എന്നിവയില്‍ നിന്ന് മികച്ച രീതിയില്‍ രാജ്യത്തേക്ക് പുറം ജോലിക്കരാര്‍ ലഭിച്ചിരുന്നു.

എന്നാല്‍ ആഗോള മാന്ദ്യത്തെത്തുടര്‍ന്ന് ഇത്തരത്തിലുള്ള കരാര്‍ ലഭിക്കുന്നത് പകുതിയായി കുറഞ്ഞിട്ടുണ്ട്. ആഗോള സാമ്പത്തിക മേഖലയില്‍ നേരിടുന്ന വെല്ലുവിളി ഐടി മേഖലയുടെ വളര്‍ച്ചയ്ക്ക് വിഘാതം സൃഷ്ടിക്കുന്നതായും ക്രിസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു.