എണ്ണ വില 137 ഡോളറായി

Webdunia
ബുധന്‍, 25 ജൂണ്‍ 2008 (15:19 IST)
ആഗോള എണ്ണ വിപണിയില്‍ ക്രൂഡോയില്‍ വില വീപ്പയ്ക്ക് 137 ഡോളറോളമായി ഉയര്‍ന്നു. എണ്ണ വിപണിയിലെ ഏറ്റവും വലിയ ഉപഭോക്താവായ അമേരിക്കയിലെ എണ്ണയുടെ ആവശ്യം ഗണ്യമായി ഉയര്‍ന്നതാണ് എണ്ണ വില വര്‍ദ്ധിക്കാന്‍ പ്രധാന കാരണമായത്.

അമേരിക്കയിലെ എണ്ണയുടെ ശേഖരത്തിന്‍റെ അളവ് സംബന്ധിച്ച വിശദ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഈ രംഗത്തെ നിക്ഷേപകര്‍. എണ്ണയുടെ ശേഖരം കുറഞ്ഞതായാണ് സൂചനകള്‍ നല്‍കുന്ന വിവരം. കഴിഞ്ഞയാഴ്ചയിലെ ശേഖരത്തില്‍ നിന്ന് 1.7 മില്യന്‍ വീപ്പ എണ്ണയുടെ കുറവുണ്ടാകുമെന്ന് ചില കേന്ദ്രങ്ങള്‍ പറയുന്നു.

അമേരിക്കയിലെ ന്യൂയോര്‍ക്ക് മെര്‍ക്കന്‍റയില്‍ വിപണിയില്‍ ഓഗസ്റ്റ് ഡെലിവെറി ലൈറ്റ് ക്രൂഡ് വില വീപ്പയ്ക്ക് 12 സെന്‍റ് ഉയര്‍ന്ന് 137.12 ഡോളറായി വര്‍ദ്ധിച്ചിട്ടുണ്ട്.

വിപണിയില്‍ നിലവിലെ ലഭ്യതയിലുണ്ടായ നേരിയ കുറവിനൊപ്പം ഉപഭോഗത്തിലെ വര്‍ദ്ധനയും എണ്ണ വില വീണ്ടും കൂട്ടാക്കാനിടയാക്കി. കഴിഞ്ഞ ആഴ്ച എണ്ണ വില വീപ്പയ്ക്ക് 140 ഡോളര്‍ വരെ ഉയര്‍ന്ന് റിക്കോഡിട്ടിരുന്നു.

ചൊവ്വാഴ്ച യൂറോപ്യന്‍ യൂണിയനുമായി ബ്രസ്സത്സില്‍ ചര്‍ച്ച നടത്തിയ ഒപെക് ജനറല്‍ സെക്രട്ടറി അഹമ്മദും എണ്ണ വില കുറയാന്‍ സാധ്യതയില്ലെന്നായിരുന്നു സൂചിപ്പിച്ചിരുന്നത്.