എച്ച് ടി സി യുടെ പുതിയ മൊബൈല്‍ മാര്‍ച്ചില്‍

Webdunia
ബുധന്‍, 27 ഫെബ്രുവരി 2013 (14:12 IST)
PRO
ചെറുമീനുകള്‍ മുതല്‍ വലിയ തിമിംഗലങ്ങള്‍ വരെ കിടന്ന് പുളയ്ക്കുന്ന ലോകമാണ് സ്മാ‍ര്‍ട്ട് ഫോണ്‍ വിപണി. തങ്ങള്‍ക്ക് നഷ്ടപ്പെട്ട പ്രതാപം തിരിച്ച് പിടിക്കാന്‍ കഴിഞ്ഞവര്‍ഷം കമ്പനിയിറക്കിയ എച്ച് ടി സി വണ്‍ എക്‌സിനെ വിപുലീകരിച്ച് 'എച്ച് ടിസി വണ്‍' എന്ന പേരില്‍ മാര്‍ക്കറ്റിലിറക്കുകയാണ് എച്ച് ടി സി. സാധാരണ പ്ലാസ്റ്റിക് ഭാഗങ്ങള്‍ക്ക് പകരം ഏതാണ്ട് പൂര്‍ണമായും അലുമിനിയം പടച്ചട്ടയാണ് എച്ച് ടി സി വണ്ണിന്റേത്.

4.7 ഇഞ്ച് സൂപ്പര്‍ എല്‍.സി.ഡി 3 സ്ക്രീന്‍ 1920X1080 പിക്സലാണ്, അള്‍ട്രാപിക്‌സല്‍ ക്യാമറ, മുന്‍ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന സ്റ്റീരിയോ സ്പീക്കറുകള്‍, ആന്‍ഡ്രോയ്ഡിന്റെ ജല്ലി ബീന്‍ പതിപ്പ് എന്നിവയാണ് പ്രത്യേകതകള്‍.ക്യാമറയുടെ ഷട്ടര്‍ അമര്‍ത്തും മുമ്പ് അഞ്ച് ഫ്രെയിമുകളും ശേഷം 15 ഫ്രെയിമുകളും അടക്കം 20 ഫ്രെയിമുകള്‍ പകര്‍ത്താനുള്ള 'സോയി' എന്ന ഫോട്ടോ സംവിധാനമുണ്ട്.

അള്‍ട്രാപിക്സല്‍ ക്യാമറ നാല് മെഗാ പിക്സലാണെങ്കിലും 13 മെഗാപിക്സല്‍ ക്യാമറയേക്കാളും മിഴിവോടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശേഷിയും കൂടുതല്‍ വലിയ പിക്സലുമുള്ള ഇത് സഹായിക്കും

ഹോംസ്ക്രീനിലെ ഐക്കണുകള്‍ വ്യക്തിപരമായി ക്രമീകരിക്കാവുന്ന ബ്ളിങ്ക്ഫീഡാണ് പ്രധാന പ്രത്യേകത. ന്യൂസ് ആര്‍ട്ടിക്കിളുകള്‍, സോഷ്യല്‍ നെറ്റ്വര്‍ക്കിങ് അപ്ഡേറ്റുകള്‍, ഫോട്ടോകള്‍, വീഡിയോ എന്നിവ ഐക്കണുകളാക്കാന്‍ ഇതിലൂടെ കഴിയും.

1.7 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍ കരുത്തുപകരുന്ന എച്ച്.ടി.സി.വണ്ണിന് 2ജിബി റാം ഉണ്ട്. വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, എന്‍എഫ്‌സി, മൈക്രോ യുഎസ്ബി. തുടങ്ങിയ സൗകര്യങ്ങളെല്ലാമുണ്ട്. 32ജിബി, 64 ജിബി മോഡലുകളില്‍ ഫോണ്‍ ലഭിക്കും. എന്നാല്‍, സ്‌റ്റോറേജ് വര്‍ധിപ്പിക്കാന്‍ മാര്‍ഗമില്ല.മെമ്മറി കാര്‍ഡിടാന്‍ മാര്‍ഗമില്ളെന്നതാണ് പോരായ്മ. 2,300mAh ബാറ്ററിയാണ് ഫോണിലേത്.

ടിവി, സെറ്റപ്പ് ബോക്‌സുകള്‍ റിസീവറുകള്‍ തുടങ്ങിയവ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്ന റിമോര്‍ട്ട് കണ്‍ട്രോള്‍ ഉള്ള ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ ആണ് എച്ച് ടി സി വണ്‍ എന്ന് കമ്പനി പറയുന്നു. പവര്‍ ബട്ടണൊപ്പമുള്ള ഇന്‍ഫ്രാറെഡാണ് ഫോണിനെ റിമോട്ട് കണ്‍ട്രോള്‍ ആക്കുന്നത്. റിമോട്ട് കണ്‍ട്രോള്‍ പുതിയൊരു വിപണനതന്ത്രമാക്കുകയാണ് ലക്ഷ്യം. ഇതിന് വിവിധ രാജ്യങ്ങളില്‍ കേബിള്‍ കമ്പനികളുമായി ചര്‍ച്ച നടത്തുകയാണ് കമ്പനി.

2013 മാര്‍ച്ച് 15 ഓടെ വില്‍പന തുടങ്ങുമെന്ന് കരുതുന്ന 32 ജിബി മോഡലിന് ഇംഗ്ളണ്ടില്‍ 510 പൗണ്ട് (42,500 രൂപ) ആണ് വിലയെന്നാണ് സൂചന. സില്‍വര്‍, കറുപ്പ്, ചുവപ്പ് നിറങ്ങളില്‍ ലഭിക്കും.