ഇ - ടിക്കറ്റ് റദ്ദാക്കല്‍: റെയില്‍‌വേയ്ക്ക് കിട്ടിയത് 750 കോടി

Webdunia
വ്യാഴം, 24 മെയ് 2012 (11:47 IST)
PRO
PRO
ഇ - ടിക്കറ്റ് റദ്ദ് ചെയ്യുന്നതിലൂടെ ഇന്ത്യന്‍ റെയില്‍‌വേയ്ക്ക് ലഭിക്കുന്നത് വന്‍ ലാഭം. ഈ വിഭാഗത്തില്‍ 2005 - 2011 കാലയളവില്‍ റെയില്‍‌വേയ്ക്ക് ലഭിച്ചത് ഏതാണ്ട് 750 കോടി രൂപയോളമാണ്. 2005 മുതല്‍ 2012 ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഈ ടിക്കറ്റിലൂടെയുള്ള വരുമാനം 30,094 കോടി രൂപയാണ്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് - ഡിസംബര്‍ കാലയളവില്‍ മാത്രം ഇ ‌- ടിക്കറ്റ് റദ്ദ് ചെയ്യുന്നതിനുള്ള ചാര്‍ജ്ജായി റെയില്‍‌വേയ്ക്ക് ലഭിച്ചത് 198 കോടി രൂപയാണ്. മൂന്ന് ഇ - ടിക്കറ്റുകളില്‍ ഒരെണ്ണം വീതം റദ്ദ് ചെയ്യുപ്പെടുകയാണ് പതിവെന്ന് റെയില്‍‌വേ ഉദ്യോഗസ്ഥര്‍ പറയുന്നു. ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് എസി ഫസ്റ്റ് ക്ലാസ് ടിക്കറ്റ് റദ്ദ് ചെയ്താല്‍ 70 രൂപയാണ് ഈടാക്കുക. എസി ടയര്‍- 2, എസി ടയര്‍-3, എസി ചെയര്‍ കാര്‍ എന്നിവയ്ക്ക് 60 രൂപയാണ് ഈടാക്കുക. ഉറപ്പായ സ്ലീപ്പര്‍ ക്ലാസ്സ് ടിക്കറ്റ് റദ്ദ് ചെയ്താല്‍ 40 രൂപയാണ് ചാര്‍ജായി ഈടാക്കുക. സെക്കന്‍ഡ് ക്ലാസ്സിന് 20 രൂപയും ഈടാക്കും. ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റ് ആണെങ്കിലും 20 രൂപ കുറച്ചാണ് റെയില്‍‌വേ പണം അക്കൌണ്ടുകളിലേക്ക് മടക്കി നല്‍കുക.

പ്രധാന ട്രെയിനുകളില്‍ 700നും 800നും ഇടയ്ക്ക് വെയിറ്റിംഗ് ലിസ്റ്റ് ഉണ്ടാകും. ഇതില്‍ 95 ശതമാനത്തോളം റദ്ദ് ചെയ്യുകയാണ് പതിവെന്നും റെയില്‍‌വേ ഉദ്യോഗസ്ഥര്‍ പറയുന്നു. വെയിറ്റിംഗ് ലിസ്റ്റ് ആണെങ്കില്‍ പലപ്പോഴും ആള്‍ക്കാര്‍ ഒന്നിലധികം ട്രെയിനുകളില്‍ ഇ - ടിക്കറ്റ് ബുക്ക് ചെയ്യാറുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.