ഇറാനില്‍ നിന്നുള്ള പെട്രോളിയം ഇറക്കുമതി കുറക്കില്ലെന്ന് ഇന്ത്യ. യുഎസ് നിക്ഷേപം മെച്ചപ്പെടുത്തുന്നതു ലക്‍ഷ്യമിട്ട് അമേരിക്കയില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യ പ്രതിവര്‍ഷം 110 ദശലക്ഷം ടണ്‍ ക്രൂഡ് ഓയിലാണ് ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയ്ക്ക് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 12 ശതമാനം വരും ഇത്. അതിനാല്‍ ഇറാനില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കുന്നതു സംബന്ധിച്ചു തീരുമാനമെടുക്കാന്‍ ഇന്ത്യയ്ക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ കഴിയില്ലെന്ന് പ്രണബ് പറഞ്ഞു.
ഇറാന്റെ ആണവപരിപാടികള്‍ക്ക് തടയിടാന്‍ ആ രാജ്യത്തിനു മേല്‍ യുഎസും യൂറോപ്യന്‍ യൂണിയനും ഉപരോധം കൊണ്ടുവന്ന സാഹചര്യത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.