ഇന്ത്യയുടെ വളര്‍ച്ച 6.25 ശതമാനമായി കുറയുമെന്ന അന്താരാഷ്ട്ര നാണ്യ നിധിയുടെ റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്‍ നിരാകരിച്ചു. രാജ്യത്തിന്‍റെ വളര്‍ച്ചയില്‍ പൂര്‍ണ്ണ വിശ്വാസം പ്രകടിപ്പിച്ച ചീഫ് ജസ്റ്റിസ് നടപ്പ് വര്‍ഷം പ്രതീക്ഷിക്കുന്ന 7.1 ശതമാനം വളര്‍ച്ച നേടുമെന്നും അഭിപ്രായപ്പെട്ടു.
ന്യൂഡല്‍ഹിയില്‍ ടിഡിഎസ്എടി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “1947ല്‍ പല പാശ്ചാത്യ സാമ്പത്തിക വിദഗ്ദ്ധരും അഭിപ്രായപ്പെട്ടത് സ്വാതന്ത്ര്യാനന്തര ഇന്ത്യക്ക് സ്വയം നിലനില്‍ക്കാനാവില്ലെന്നായിരുന്നു. എന്നാല്‍ അങ്ങനെ സംഭവിച്ചില്ലെന്ന് മാത്രമല്ല, രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ അത്തരം പ്രതിസന്ധി ഘട്ടങ്ങളെയെല്ലാം അതി ജീവിക്കുകയും ചെയ്തു” - ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
നേരത്തെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെക്കുറിച്ച് പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ച നടപ്പ് വര്‍ഷം 6.25 ശതമാനമായി കുറയുമെന്നും 2009 -10 വര്‍ഷം ഇത് 5.25 ശതമാനമാകുമെന്നും ഐഎംഎഫ് അഭിപ്രായപ്പെട്ടിരുന്നു. ആാഗോള പ്രതിസന്ധിയും നിക്ഷേപത്തിലെ ഇടിവുമാണ് ഇതിന്‍ കാരണമായി ഐഎംഎഫ് ചൂണ്ടിക്കാട്ടിയത്. അതേസമയം 7.1 ശതമാനം വളര്‍ച്ചയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.