ആറുമാസത്തിനുള്ളില്‍ ഡീസല്‍ വിലനിയന്ത്രണം എടുത്തുകളയും

Webdunia
വ്യാഴം, 21 നവം‌ബര്‍ 2013 (09:42 IST)
PRO
ആറു മാസത്തിനുള്ളില്‍ ഡീസലിന്‍മേലുള്ള വിലനിയന്ത്രണം എടുത്ത് കളയുമെന്ന് പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി.

പത്ത് രൂപയോളം വര്‍ദ്ധനവ് ലിറ്ററിനുണ്ടാകുമെന്നാണ് പെട്രോളിയം മന്ത്രിയുടെ പ്രസ്താവന സൂചിപ്പിക്കുന്നത്.ഡല്‍ഹിയില്‍ നടന്ന കെപിഎംജി എനര്‍ജി കോണ്‍ക്ലേവിലാണ് മന്ത്രിയുടെ പ്രസ്താവന.

രാജ്യത്തെ പെട്രോളിയം വില്‍പ്പനയുടെ 95 ശതമാനവും കൈകാര്യം ചെയ്യുന്ന എണ്ണവിതരണക്കാര്‍ നഷ്ടം സഹിച്ചാണ് വില്‍പ്പന നടത്തുന്നത്.

ജനുവരി മുതല്‍ എല്ലാ മാസവും ഡീസല്‍ വിലയില്‍ 50 പൈസയുടെ വര്‍ധനവ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പെട്രോളിയം കമ്പനികള്‍ക്ക് അനുവാദം നല്‍കിയിരുന്നു.

കാലക്രമേണ ഡീസലിന്മേലുള്ള സബ്‌സിഡി എടുത്തുകളയുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചത്.

പ്രതിമാസ വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ലിറ്ററിന് 14 രൂപയായിരുന്ന നഷ്ടം ഇപ്പോള്‍ 2.50 രൂപയായിട്ട് കുറഞ്ഞിട്ടുണ്ടെന്ന് മൊയ്‌ലി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.