ആര്‍‌ബി‌ഐ വായ്പാനയം: നിരക്കുകളില്‍ മാറ്റമില്ല

Webdunia
ചൊവ്വ, 1 ഏപ്രില്‍ 2014 (14:07 IST)
PTI
റിസര്‍വ് ബാങ്ക് പണ-വായ്പാ നയം പ്രഖ്യാപിച്ചു. മുഖ്യ പലിശ നിരക്കുകളില്‍ മാറ്റമില്ല. നാണ്യപെരുപ്പം കുറഞ്ഞതും രൂപ കരുത്താര്‍ജിച്ചതുമാണ് നിരക്കില്‍ മാറ്റം വരുത്താതിരിക്കാന്‍ കാരണം. റിപ്പോ, റിവേഴ്സ് റിപ്പോ, കരുതല്‍ ധനാനുപാതം, എംഎസ്എഫ് നിരക്കുകള്‍ എന്നിവ മാറ്റമില്ലാതെ നില്‍ക്കും.

പ്രതീക്ഷിച്ചതുപോലെ പലിശ നിരക്കുകളില്‍ മാ‍റ്റം വരുത്താതെയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ വായ്പാ നയം പ്രഖ്യാപിച്ചത്. റിപ്പോ നിരക്ക് എട്ട് ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് ഏഴ് ശതമാനമായും കരുതല്‍ ധനാനുപാതം നാല് ശതമാനമായും നിലനിര്‍ത്തി.

ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപത്തിന്‍റെ തോത് ഉയര്‍ന്നത് സാമ്പത്തിക രംഗത്തിന് ഉണര്‍വ് നല്‍കിയിട്ടുണ്ട്. പണപ്പെരുപ്പം അഞ്ച് ശതമാനത്തില്‍ താഴെയാണ് എന്നതും ആശ്വാസകരമാണ്.

ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യത്തില്‍ ഇങ്ങനെയൊരു നിലപാട്‌ തന്നെയാണ് റിസര്‍വ് ബാങ്കില്‍ നിന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നത്.