ആര്‍ബിഐ നിരക്കുകള്‍ കൂട്ടി; പലിശ നിരക്ക് ഉയരാന്‍ സാധ്യത
ചൊവ്വ, 29 ഒക്‌ടോബര്‍ 2013 (11:48 IST)
PRO
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ തുടര്‍ച്ചയായ രണ്ടാം തവണയും മുഖ്യ വായ്പാ നിരക്കുകള്‍ ഉയര്‍ത്തി. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനം വീതമാണ് ഇത്തവണ കൂട്ടിയത്.
റിപ്പോ നിരക്കില്‍ കാല്‍ ശതമാനം വര്‍ദ്ധന വരുത്തികൊണ്ട് റിസര്‍വ് ബാങ്ക് ധനവായ്പാ നയം പ്രഖ്യാപിച്ചതോടെ ഭവന, വാഹന വായ്പകളുടെ പലിശനിരക്ക് ഉയരാന്‍ സാദ്ധ്യതയേറിയത്.
റിസര്‍വ് ബാങ്കില്‍ നിന്നും വാണിജ്യ ബാങ്കുകള്‍ വാങ്ങുന്ന ഹ്രസ്വകാല വായ്പകളുടെ പലിശയായ റിപ്പോ നിരക്ക് 7.5 ശതമാനത്തില്‍ നിന്ന് 7.75 ശതമാനമായാണ് ഉയര്‍ത്തിയിരിക്കുന്നത്.
നാണയപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്നതാണ് നിരക്കു കൂട്ടാന്‍ ആര്‍ബിഐയെ പ്രേരിപ്പിച്ചത്. ബാങ്കുകളുടെ കൈവശം അധികമുള്ള പണം റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന പലിശയായ റിവേഴ്‌സ് റിപ്പോ 6.5 ശതമാനമായും മൊത്തം നിക്ഷേപങ്ങള്‍ക്ക് ആനുപാതികമായി ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട പണമായ കരുതല്‍ ധന അനുപാതം നാലു ശതമാനമായും നിലനിര്‍ത്തി.