ആഭ്യന്തര ഉല്‍പാദന വളര്‍ച്ച 5.3 ശതമാനം

Webdunia
വെള്ളി, 27 ഫെബ്രുവരി 2009 (17:29 IST)
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ രാജ്യത്തിന്‍റെ ആഭ്യന്തര ഉല്‍പാദന വളര്‍ച്ച 5.3 ശതമാനമായി കുറഞ്ഞു. മുന്‍ വര്‍ഷം ഈ കാലയളവില്‍ വളര്‍ച്ച 7.6 ശതമാനവും 2006-07 വര്‍ഷം വളര്‍ച്ച 8.9 ശതമാനവുമായിരുന്നു.

ജൂലൈ-സെപ്തംബര്‍ കാലയളവില്‍ 7.6 ശതമാനമായിരുന്നു വളര്‍ച്ച. കയറ്റുമതി മേഖലയിലേയും കാര്‍ഷികോല്‍പാദന മേഖലയിലേയും നിര്‍മ്മാണ മേഖലയിലേയും തകര്‍ച്ചയാണ് മൂന്നാം പാദത്തില്‍ വളര്‍ച്ച ഇടിയാന്‍ പ്രധാനമായും കാരണമായത്. കാര്‍ഷിക മേഖലയിലെ വളര്‍ച്ച 2.2 ശതമാനം കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 6.9 ശതമാനം വളര്‍ച്ചയാണ് കാര്‍ഷിക മേഖലയില്‍ നേടിയത്.

നിര്‍മ്മാണ മേഖലയിലും ഉല്‍പാദന മേഖലയിലും 0.2 ശതമാനത്തിന്‍റെ ഇടിവ് നേരിട്ടു. ഖനന മേഖലയിലെ വളര്‍ച്ച മുന്‍ പാദത്തിലെ 3.9 ശതമാനത്തില്‍ നിന്നും ഈ പാദത്തില്‍ 5.3 ശതമാനമായി ഉയര്‍ന്നു. സേവനമേഖലയില്‍ 17.3 ശതമാനം വളര്‍ച്ചയാണ് നേടിയത്.

നടപ്പ് വര്‍ഷം ആദ്യ ഒമ്പത് മാസത്തെ വളര്‍ച്ച 6.9 ശതമാനമാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഒമ്പത് ശതമാനമായിരുന്നു വളര്‍ച്ച. ഈ വര്‍ഷാവസാനം 7.1 ശതമാനം വളര്‍ച്ച നേടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2007-08 വര്‍ഷം ഒമ്പത് ശതമാനം ഉല്‍പാദന വളര്‍ച്ചയാണ് രാജ്യം നേടിയത്.