ആപ്പിളിന്റെ പുതിയ ഐപാഡ് ഇന്ത്യയില്‍

Webdunia
വെള്ളി, 27 ഏപ്രില്‍ 2012 (14:26 IST)
PRO
PRO
ആപ്പിളിന്റെ പുതിയ ഐപാഡ് ഇന്ത്യന്‍ വിപണിയില്‍. ബ്ലാക്ക്, വൈറ്റ് എന്നീ കളറുകളിലാണ് പുതിയ ഐപാഡ് ലഭ്യമാകുന്നത്. ഏറ്റവും പുതിയ കണക്‌ടിവിറ്റി സാങ്കേതികവിദ്യയായ 4 ജി, 9.7 ഇഞ്ച്‌ റെറ്റിന ഡിസ്പ്ലേ, ഏറ്റവും പുതിയ ആപ്പിള്‍ പ്രോസസറായ എ 5 എക്‌സ്‌ തുടങ്ങിയ സവിശേഷതകളുമായാണ്‌ പുതിയ ഐപാഡ്‌ ഒരുക്കിയിരിക്കുന്നത്. 30,500 രൂപയാണ് ഇന്ത്യയില്‍ അടിസ്ഥാന വില.

പുതിയ ഐപാഡ് 16 ജിബി, 32 ജിബി, 64 ജിബി എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിലാണ് വിപണിയില്‍ ലഭിക്കുന്നത്. ക്വാഡ്‌ കോര്‍ ഗ്രാഫിക്‌സുമായാണ്‌ പുതിയ പ്രോസസറായ എ 5 എക്‌സ്‌ പുതിയ ഐപാഡിലുള്ളത്‌. ഐപാഡ്‌ 2ല്‍ ഉപയോഗിച്ചിരിക്കുന്ന എ 5 പ്രോസസറിന്റെ പരിഷ്‌ക്കരിച്ച രൂപമാണ്‌ എ 5 എക്‌സ്‌. ത്രീജി സാങ്കേതികവിദ്യയിലും പ്രവര്‍ത്തിക്കുന്ന പുതിയ ഐപാഡിന്‌ 4 ജി / എല്‍ടിഇ സിഗ്‌നലുകളും സ്വീകരിക്കാനാകും.

പുതിയ ഐപാഡില്‍ ഐസൈറ്റ്‌ ഇയര്‍ ക്യാമറയാണ്‌ സജ്ജീകരിച്ചിരിക്കുന്നത്. ഓട്ടോഫോക്കസ്‌, ഓട്ടോ എക്‌സ്‌പോഷര്‍, ഫേസ്‌ ഡിറ്റക്ഷന്‍ സാങ്കേതികത തുടങ്ങിയ സവിശേഷതകള്‍ അടങ്ങിയതാണ് ഇത്. 4ജി ഉപയോഗിക്കുമ്പോള്‍ പോലും 9-10 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന ബാറ്ററി ലൈഫാണ്‌ പുതിയ ഐപാഡിന്റെ മറ്റൊരു സവിശേഷത.

വൈഫൈ സൌകര്യമുള്ള 16 ജി ബി മോഡലിന് 30,500 രൂപയാണ് വില. 32 ജി ബി മോഡലിനു 36,500 രൂപയാണ് വില. വൈഫൈയും 4ജിയും ഉപയോഹിക്കാവുന്ന ജി ബി മോഡലിന് 38,900 രൂപയാണ് വില. 32 ജി ബി മോഡലിന് - 44,900 രൂപ, 64 ജി ബി മോഡലിന് 50,900 രൂപ എന്നിങ്ങനെയാണ് വില.