അയ്യപ്പന്‍‌മാര്‍ക്ക് ചിക്കന്‍ പഫ്സ് നല്‍കി; ബേക്കറി അടപ്പിച്ചു

Webdunia
ചൊവ്വ, 10 ഡിസം‌ബര്‍ 2013 (11:17 IST)
PRO
ശബരിമല തീര്‍ഥാടകര്‍ക്ക് മാംസത്തിന്റെ പഫ്സ് നല്‍കിയെന്ന പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഫുഡ് ഇന്‍സ്പെക്ടര്‍ ബേക്കറി അടപ്പിച്ചു. റാന്നി പെരുമ്പുഴ ബസ്സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ബേക്കറിയാണ് അടപ്പിച്ചത്.

തിങ്കളാഴ്ച പകല്‍ പന്ത്രണ്ടോടെയാണ് സംഭവം. വിതുര സ്വദേശികളായ നൂറംഗ സംഘം ശബരിമലയിലേക്ക് നടന്നുപോകുന്നതിനിടെ ലഘുഭക്ഷണം കഴിക്കാനാണ് ബേക്കറിയില്‍ കയറിയത്.

പഫ്സ് വെജിറ്റബിള്‍ തന്നെയാണോ എന്ന് കടയുടമയോട് ചോദിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് കഴിക്കാന്‍ തുടങ്ങിയത്. തീര്‍ഥാടകര്‍ക്കുവേണ്ടി പ്രത്യേകം ഉണ്ടാക്കിയ പഫ്സാണെന്ന് കടയുടമ ഉറപ്പും നല്‍കി.

കഴിച്ചു തുടങ്ങിയപ്പോഴാണ് മാംസത്തിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ പെരുമ്പുഴയിലെ ശബരിമല ഇന്‍ഫര്‍മേഷന്‍ സെന്ററുമായി തീര്‍ഥാടകര്‍ ബന്ധപ്പെട്ടു. സപ്ലൈ ഓഫീസിലും പൊലീസ് സ്റ്റേഷനിലും ഗുരുസ്വാമി സതീശന്‍ പരാതിപ്പെട്ടു.