അച്ചടി മാധ്യമങ്ങളില്‍ 49 ശതമാനം വിദേശ നിക്ഷേപമാകാം

Webdunia
ഞായര്‍, 19 ജൂലൈ 2009 (14:54 IST)
അച്ചടി മാധ്യമങ്ങളില്‍ 49 ശതമാനം വിദേശം നിക്ഷേപം അനുവദിക്കുന്നത്‌ സുരക്ഷിതമാണെന്ന്‌ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അംബികാസോണി അഭിപ്രായപ്പെട്ടു. നിലവില്‍ 26 ശതമാനമാണ് വിദേശ നിക്ഷേപ പരിധി.

വിദേശ മൂലധന നിക്ഷേപം ഉയര്‍ത്തുന്നതോടെ പ്രതിസന്ധി നേരിടുന്ന മിക്ക പത്ര സ്ഥാപനങ്ങള്‍ക്കും മെച്ചപ്പെട്ട സ്ഥിതി കൈവരിക്കാനാകും. നിക്ഷേപ പരിധി ഉയര്‍ത്തുന്നതുകൊണ്ട് പത്രസ്ഥാപനങ്ങളുടെ നിയന്ത്രണം വിദേശ കരങ്ങളില്‍ എത്തുമെന്ന്‌ കരുതാനാവില്ലെന്നും അവര്‍ പറഞ്ഞു.

അച്ചടി മാധ്യമങ്ങളിലെ നിക്ഷേപ പരിധി ഉയര്‍ത്തണമെന്ന് നേരത്തെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം ഈ നിര്‍ദേശത്തോട് ചില വന്‍ പത്ര സ്ഥാപനങ്ങള്‍ നേരത്തെ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.