തിങ്കളാഴ്ച കൈവരിച്ച റെക്കോര്‍ഡ് നേട്ടത്തിന് കുതിപ്പേകി ചൊവ്വാഴ്ചയും വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ വിപണിയില്‍ നേട്ടമായിരുന്നു. ഒരു വേള 24000നു മുകളില്‍ സെന്‍സെക്സ് എത്തുകയും ചെയ്തു.
മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 320.23 പോയിന്റ് മുന്നേറി 23,811ലും ദേശീയ സൂചികയായ നിഫ്റ്റി 94.50 പോയിന്റ് നേട്ടവുമായി 7,108 ത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
തിങ്കളാഴ്ചയാണ് ആദ്യമായി നിഫ്റ്റി 7000 പിന്നിട്ടത്. വ്യാപാരത്തിനിടെ ഒരു വേള 24,068.94 എന്ന നേട്ടവും സെന്‍സെക്സ് സ്വന്തമാക്കി. പിന്നീട് തിരിച്ചിറങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം സെന്‍സെക്സ് 556 പോയിന്റ് മുന്നേറിയിരുന്നു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെയാണ് വിപണി കൂടുതല്‍ കരുത്താര്‍ജജിച്ചത്.
ഓഹരി വിപണിയിലെ മികച്ച നേട്ടം രൂപയുടെ മൂല്യവും ഉയര്‍ത്തി. ഡോളര്‍ നിക്ഷേപത്തില്‍ ഉണര്‍വുണ്ടായതാണ് രൂപയുടെ മൂല്യമുയര്‍ത്തിയത്. ഡോളറിനെതിരെ 59.77 നിരക്കിലാണ് ചൊവ്വാഴ്ച രൂപയുടെ മൂല്യം.
മൂലധന സാമഗ്രി, ഊര്‍ജജം, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, ബാങ്കിംങ് , എണ്ണ, പ്രകൃതിവാതകം, ലോഹം , ഐ ടി, ആട്ടോ മൊബൈല്‍സ് മേഖലയിലെ ഓഹരികളാണ് മുന്നേറുന്നത്. മുന്‍നിര ഓഹരികളായ റിലയന്‍സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ,ഒഎന്‍ജിസി എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.ആഭ്യന്തര നിക്ഷേപകര്‍ ലാഭമെടുക്കുന്നതില്‍നിന്ന് നിന്ന് മാറി കൂടുതല്‍ ഓഹരി വാങ്ങാന്‍ തുടങ്ങിയതും വിപണിക്ക് കരുത്തായി.