സെന്‍സെക്സില്‍ വന്‍ തകര്‍ച്ച. 590 പോയിന്‍റിന്‍റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. സെന്‍സെക്സ് 18000ല്‍ താഴെയാണ് ക്ലോസ് ചെയ്തിരിക്കുന്നത്. രൂപയുടെ വന്‍ മൂല്യത്തകര്‍ച്ചയും ഭക്‍ഷ്യ സുരക്ഷാബില്‍ പാസായതും ഓഹരിവിപണിയെ പിടിച്ചുകുലുക്കി.
ബി എസ് ഇ 590.05 പോയിന്‍റ് തകര്‍ന്ന് 17968.08ലാണ് ക്ലോസ് ചെയ്തിരിക്കുന്നത്. ഒരു ഘട്ടത്തില്‍ 17921.82 എന്ന ഏറ്റവും താഴ്ന്ന നിലയിലേക്ക് സെന്‍സെക്സ് കൂപ്പുകുത്തിയിരുന്നു.
ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും സമാനമായ തകര്‍ച്ചയുണ്ടായി. എന്‍ എസ് ഇ 189.05 പോയിന്‍റ് താഴ്ന്ന് 5287.45ലെത്തി. 2012 സെപ്റ്റംബര്‍ ആറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് നിഫ്റ്റി.
ഡോളറിനെതിരെ രൂപയുടെ മൂല്യം 66.24 എന്ന നിലയിലേക്ക് തകര്‍ന്നത് വിപണിയെ കാര്യമായി ബാധിച്ചു. ഇത് സര്‍വകാല റെക്കോര്‍ഡാണ്.
രാജ്യത്തിന്‍റെ ധനസ്ഥിതി വലിയ മെച്ചമാണെന്ന് അവകാശപ്പെടുന്നില്ലെന്ന് ധനകാര്യമന്ത്രി പി ചിദംബരം പാര്‍ലമെന്‍റില്‍ പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാവരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഓഹരിവിപണിയില്‍ ഇന്ന് കനത്ത നഷ്ടമുണ്ടായത് എച്ച് ഡി എഫ് സി ബാങ്കിനും ഭാരത് ഹെവി ഇലക്‍ട്രിക്കല്‍സിനുമാണ്. നേട്ടം ഇന്‍ഫോസിസിനും. അതേസമയം, ഡീസലിന് അഞ്ചു രൂപ വര്‍ദ്ധിപ്പിക്കണമെന്ന് എണ്ണക്കമ്പനികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതും മാറ്റമില്ലാതെ നടപ്പാക്കാനാണ് സാധ്യത.