സെന്‍സെക്സ് 1000 പോയിന്‍റ് മുന്നേറി

Webdunia
ബുധന്‍, 23 ജനുവരി 2008 (13:29 IST)
ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ എല്ലാം തന്നെ കഴിഞ്ഞ ദിവസങ്ങളിലെ വന്‍ ഇടിവില്‍ നിന്നും ബുധനാഴ്ച രാവിലെ തന്നെ തിരിച്ചുവരവ് നടത്തിക്കഴിഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സെന്‍സെക്സ് 1000 പോയിന്‍റ് മുന്നേറി.

വിപണി ആരംഭിച്ച സമയത്ത് തന്നെ ഏകദേശം 700 ഓളം പോയിന്‍റ് മുന്നേറിയ സെന്‍സെക്സ് 12.55 ന് 999.92 പോയിന്‍റ് അഥവാ 5.98 ശതമാനം വര്‍ദ്ധനവോടെ 17,729.86 എന്ന നിലയിലേക്കുയര്‍ന്നു.

ചൊവ്വാഴ്ച വൈകിട്ട് ക്ലോസിംഗ് സമയത്ത് സെന്‍സെക്സ് 875 പോയിന്‍റ് നഷ്ടത്തിലായിരുന്നു.

ഇതിനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 7.04 ശതമാനം അഥവാ 344.75 പോയിന്‍റ് വര്‍ദ്ധിച്ച് 5244.05 എന്ന നിലയിലേക്കുയര്‍ന്നു. ചൊവ്വാഴ്ച വൈകിട്ട് ക്ലോസിംഗ് സമയത്ത് നിഫ്റ്റി 4899.30 എന്ന നിലയിലായിരുന്നു.

അമേരിക്കന്‍ സമ്പദ് വ്യവസ്ഥ തകരാറിലായേക്കും എന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നതോടെ ആഗോള ഓഹരി വിപണിക്കൊപ്പം ഏഷ്യന്‍ ആഭ്യന്തര ഓഹരി വിപണികളില്‍ തുടര്‍ച്ചയായി കഴിഞ്ഞ ഏഴു ദിവസങ്ങളില്‍ വന്‍ തകര്‍ച്ചയായിരുന്നു.

ഇതിനെ അതിജീവിക്കാന്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ 075 ശതമാനം നിരക്കില്‍ കുറവ് വരുത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് ബുധനാഴ്ച രാവിലെ വിപണിയില്‍ മികച്ച തിരിച്ചുവരവ് ദൃശ്യമായത്.