സെന്‍സെക്സ് വീണ്ടും ഇടിഞ്ഞു

Webdunia
വെള്ളി, 27 ഫെബ്രുവരി 2009 (17:15 IST)
കഴിഞ്ഞ ദിവസം നേരിയ മുന്നേറ്റം പ്രകടമായ മുംബൈ ഓഹരി സൂചിക വീണ്ടും ആലസ്യത്തിലേക്ക് കൂപ്പ് കുത്തി. സൂചിക 63 പോയന്‍റ് ഇടിഞ്ഞ് 8,892 എന്ന നിലയിലാണ് ആഴ്ചയിലെ അവസാന സെഷനില്‍ വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 22 പോയന്‍റിടിഞ്ഞ് 2764 എന്ന നിലയിലാണ് വിപണി ക്ലോസ് ചെയ്തത്.

രാവിലെ 11 പോയന്‍റ് ഉയര്‍ന്ന് 8,944 എന്ന നിലയിലാണ് ബിഎസ്ഇയില്‍ ഇന്ന് വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് 226 പോയന്‍റിന്‍റെ വ്യത്യാസത്തില്‍ 8,729 എന്ന നില വരെ ഇടിഞ്ഞതിന് ശേഷമാണ് സൂചിക അവസാന നില കൈവരിച്ചത്. എങ്കിലും കഴിഞ്ഞ ആഴ്ചത്തേക്കാള്‍ 49 പോയന്‍റിന്‍റെ ഉയര്‍ച്ച കൈവരിക്കാന്‍ വിപണിക്കായി.

വ്യാപാരം നടന്ന മൊത്തം 2,466 സ്റ്റോക്കുകളില്‍ 1,320 എണ്ണം നഷ്ടത്തിലായപ്പോള്‍ 1,403 എണ്ണം നേട്ടം കണ്ടു.
ടാറ്റ സ്റ്റീല്‍ 5.6 ശതമാനത്തിന്‍റെ നേട്ടമുണ്ടാക്കി. എച്ച് ഡി എഫ് സി ഓഹരികള്‍ക്ക് അഞ്ച് ശതമാനം വില ഉയര്‍ന്നു. എച്ച് ഡി എഫ് സി ബാങ്കിന് 1.5 ശതമാനവും ഐസിഐസിഐ ബാങ്കിന് ഒരു ശതമാനവും മൂല്യമുയര്‍ന്നു.

അതേസമയം ഗ്രാസിമിന് ആറ് ശതമാനവും റാന്‍ബാക്സി, വിപ്രൊ എന്നിവയ്ക്ക് അഞ്ച് ശതമാനവും ഇടിവ് നേരിട്ടു. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഹരികള്‍ക്ക് 3.7 ശതമാനവും എസിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഒഎന്‍ജിസി എന്നിവയുടെ ഓഹരികള്‍ക്ക് 3.5 ശതമാനം വീതവും വിലയിടിഞ്ഞു. സ്റ്റെര്‍ലൈറ്റിന്‍റെ ഓഹരി മൂല്യം മൂന്ന് ശതമാനം ഇടിഞ്ഞു. മാരുതിയ്ക്ക് 2.7 ശതമാനവും ഭാരതി എയര്‍ടെല്‍, ജയപ്രകാശ് അസോസിയേറ്റ്സ് എന്നിവയ്ക്ക് 2.3 ശതമാനം വീതവും നഷ്ടം നേരിട്ടു. റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, ഡിഎല്‍എഫ്, റിലയന്‍സ് എന്നിവയുടെ ഓഹരികള്‍ക്ക് രണ്ട് ശതമാനം വീതം വില ഇടിഞ്ഞു.