റിലയന്‍സ് എനര്‍ജിക്ക് 16.35% നഷ്ടം

Webdunia
ആഭ്യന്തര ഓഹരി വിപണിയില്‍ തിങ്കളാഴ്ച നടന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഇടവേളയിലെ നഷ്ടത്തില്‍ രാജ്യത്തെ ഊര്‍ജ്ജ രംഗത്തെ പ്രമുഖ കമ്പനിയായ റിലയന്‍സ് എനര്‍ജി ഓഹരികള്‍ക്കാണ് ഏറ്റവും വലിയ നഷ്ടവും സംഭവിച്ചത് - 16.35 ശതമാനം.

തിങ്കളാഴ്ച വൈകിട്ട് വിപണി ക്ലോസിംഗ് സമയത്ത് മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 1,408.35 പോയിന്‍റ് നഷ്ടത്തില്‍ 17,605.35 എന്ന നിലയിലെത്തിയപ്പോള്‍ ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 496.50 പോയിന്‍റ് നഷ്ടത്തില്‍ 5,208.80 എന്ന നിലയിലേക്ക് താണു. ഇടവേളയില്‍ സെന്‍സെക്സ് 16,951.50 വരെ താണിരുന്നു.

തിങ്കളാഴ്ച വൈകിട്ട് റിലയന്‍സ് എനര്‍ജിക്കൊപ്പം എ.സി.സി ഓഹരി വില 15.85 ശതമാനം നിരക്കിലും ബജാജ് ഓട്ടോ ഓഹരി വില 15.2 ശതമാനവും നഷ്ടത്തിലായി. എന്‍.റ്റി.പി.സി 14.15 ശതമാനവും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് 12.7 ശതമാനവും ഹിന്‍ഡാല്‍ക്കോ 10.3ശതമാനവും ഡി.എല്‍.എഫ് 10.15 ശതമാനവും നഷ്ടം നേരിടേണ്ടിവന്നു.

ഏറ്റവും വലിയ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി വിലയാവട്ടെ 9.45 ശതമാനം നഷ്ടത്തില്‍ 2,544.20 രൂപ എന്ന നിലയിലേക്ക് താണു. ടാറ്റാ മോട്ടേഴ്സ്, ഭെല്‍ എന്നിവയുടെ ഓഹരി വില 8 ശതമാനം താണപ്പോള്‍ മഹിന്ദ്ര, ഒ.എന്‍.ജി.സി, ടാറ്റാ സ്റ്റീല്‍, ടി.സി.എസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ലിവര്‍, എല്‍ ആന്‍റ് ടി., റാന്‍ബാക്സി ലാബ് എന്നിവയുടെ ഓഹരികളാവട്ടെ 6 ശതമാനം മുതല്‍ 8 ശതമാനം വരെ നഷ്ടത്തിലായി.

സിപ്ല (5.9 ശതമാനം), ഐ.സി.ഐ.സി.ഐ ബനക് (5.8 ശതമാനം), ഭാരതി എയര്‍ടെല്‍ (5.2 ശതമാനം), ഇന്‍ഫോസിസ് ടെക്നോളജീസ് (5.05 ശതമാനം), ഐ.റ്റി.സി (4.35 ശതമാനം), എച്ച്.ഡി.എഫ്.സി (4.25 ശതമാനം), മാരുതി സുസുക്കി (3.8 ശതമാനം) എന്നിവയുടെ ഓഹരികളും തിങ്കളാഴ്ച കനത്ത നഷ്ടത്തിലായി.

മൊത്തത്തില്‍ നോക്കുമ്പോള്‍ മെറ്റല്‍, ഓയില്‍ ആന്‍റ് ഗ്യാസ്, പവര്‍, പി.എസ്.യു., റിയാലിറ്റി സൂചികകള്‍ 10 ശതമാനം മുതല്‍ 13.5 ശതമാനം വരെ നഷ്ടത്തിലായി. ഓട്ടോ സൂചികയാവട്ടെ 9.39 ശമാനവും ബാങ്കിംഗ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ക്യാപിറ്റല്‍ ഗുഡ്സ്, ഹെല്‍ത്ത് കെയര്‍, ടെക്നിക്കല്‍ സൂചികകള്‍ 6.75 ശതമാനം മുതല്‍ 8.5 ശതമനാവും എഫ്.എം.സി.ജി., ഐ.റ്റി സൂചികകള്‍ യഥാക്രമം 5.62 ശതമാനവും 5.73 ശതമാനവും നഷ്ടത്തിലായി.

മുംബൈ ഓഹരി വിപണിയില്‍ തിങ്കളാഴ്ച വ്യാപാരത്തിനെത്തിയ 2,811 ഓഹരികളില്‍ കേവലം 139 ഓഹരികള്‍ മാത്രമാണ് നേരിയ ലാഭമെങ്കിലും കൈവരിച്ചത്. 2,657 ഓഹരികള്‍ തീര്‍ത്തും നഷ്ടം നേരിട്ടപ്പോള്‍ 15 ഓഹരികളുടെ വിലയില്‍ കാര്യമായ വ്യതിയാനമുണ്ടായില്ല.