ഇളവുകളുമായി പോസ്റ്റ് ഓഫീസ് സേവിംഗ്സ്

Webdunia
ശനി, 8 ഡിസം‌ബര്‍ 2007 (13:12 IST)
PROPRO
പോസ്റ്റ് ഓഫീസ് വഴിയുള്ള സേവിംഗ്സ് വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ നിരവധി ആനുകൂല്യങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരിക്കുന്നു. ഒരു കാലത്ത് പോസ്റ്റ് ഓഫീസ് സേവിംഗ്സ് വളരെ ആകര്‍ഷകമായിരുന്നു. അതിനൊപ്പം നിക്ഷേപവും വര്‍ദ്ധിച്ചിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി ആകെ മാറി. അതിനാലാണ് ഇത്തരം നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ ആകര്‍ഷണീയത നല്‍കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വന്നിരിക്കുന്നത്.

ഇതിന്‍റെ ഭാഗമായി വരുമാന നികുതി നിയമ സെക്ഷന്‍ 80 സി അനുസരിച്ച് അഞ്ച് വര്‍ഷത്തേക്കുള്ള സമയബന്ധിത നിക്ഷേപത്തിന് നികുതി ഇളവു ലഭിക്കും. അതുപോലെ സീനിയര്‍ സിറ്റിസണ്‍‌കാര്‍ക്ക് മറ്റാനുകൂല്യങ്ങളും ലഭിക്കും.

പോസ്റ്റ് ഓഫീസ് മാസ വരുമാന അക്കൌണ്ട് (പി.ഒ.എം.ഐ.എ) പദ്ധതിയിലൂടെയുള്ള സമയ ബന്ധിത നിക്ഷേപങ്ങള്‍ക്ക് നിക്ഷേപ കാലാവധി അവസാനിക്കുന്നതോടെ 5 ശതമാനം നിരക്കില്‍ ബോണസും നല്‍കാനാണ് തീരുമാനം. അതനുസരിച്ച് ഈ നിക്ഷേപത്തിനു ലഭിക്കുന്ന പലിശ നിരക്ക് നിലവിലെ 8.3 ശതമനത്തില്‍ നിന്ന് ഫലത്തില്‍ 8.9 ശതമാനമായി ഉയരും. അതേ സമയം ഈ പദ്ധതിക്ക് നികുതി ഇളവ് ലഭിക്കില്ല.

നികുതി ഇളവു ലഭിക്കുന്ന അഞ്ച് വര്‍ഷ സമയബന്ധിത സ്ഥിരനിക്ഷേപത്തിലൂടെ കൂടുതല്‍ നിക്ഷേപ സമാഹരണം നടത്തുക എന്നതാണ് സര്‍ക്കാര്‍ ലക്‍ഷ്യമിടുന്നത്. എന്നാല്‍ ഇത്തരം വിദ്യകളൊന്നും കൊണ്ട് പുതുതായി ആരെയും അക്കൌണ്ടില്‍ ചേര്‍ക്കാന്‍ കഴിയില്ലെന്നാണ് ചിലരുടെ അഭിപ്രായം. ഇത് എന്തുകൊണ്ടെന്നാല്‍ കൂടുതല്‍ ഫലപ്രദമായി പണം നിക്ഷേപിക്കാന്‍ വേറെയും മാര്‍ഗ്ഗങ്ങള്‍ ഉണ്ട് എന്നുള്ളത് തന്നെ.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ ഏഴ് മാസങ്ങളില്‍ പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് വഴിയുള്ള നിക്ഷേപം കുറയുകയാണുണ്ടായത്. 2007 -08 ലെ ഏപ്രില്‍ മുതല്‍ ഒക്‍ടോബര്‍ വരെയുള്ള കാലയളവില്‍ ഈ രീതിയിലുള്ള നിക്ഷേപം കേവലം 177.69 കോടി രൂപ മാത്രമാണ്.

അതേ സമയം ബജറ്റില്‍ പ്രതീക്ഷിച്ച ഈ നിക്ഷേപം 16,400 കോടി രൂപവരും. ഇതാണ് സര്‍ക്കാരിനെ വിവിധ വിദ്യകള്‍ കൊണ്ട് നിക്ഷേപകരെ ഈ പദ്ധതിയിലേക്ക് ആകര്‍ഷിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.