സമകാലീക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളാണ് അർജന്റീനയുടെ ലയണൽ മെസ്സി പോർചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാൾഡോ ബ്രസീൽ താരം നെയ്മർ എന്നിവർ. ഈ മൂന്ന് പേരിൽ ഏറ്റവും മികച്ച താരം ആരാണ് എന്നുള്ളതിനെ പറ്റി കാലങ്ങളായി തർക്കം നിലനിൽക്കുന്നുണ്ട്. എന്നാൽ ഈ മൂന്ന് പേരിൽ ഏറ്റവും മികച്ച താരം ആരാണ് എന്നതിനെ പറ്റി വ്യക്തമായ മറുപടി തന്നിരിക്കുകയാണ് ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസമായ പെലെ.
മെസ്സിക്കും,റൊണാൾഡോക്കും,നെയ്മറിനും ഒപ്പം ഒരുമിച്ച് കളിക്കുവാൻ അവസരം ലഭിച്ചാൽ ആരെ തിരഞ്ഞെടുക്കും എന്ന ചോദ്യത്തിനാണ് പെലെ മറുപടി തന്നിരിക്കുന്നത്. മൂന്ന് പേരിൽ നിന്നും ലയണൽ മെസ്സിയേയാണ് പെലെ തിരഞ്ഞെടുത്തത്.
ഗോൾ അടിക്കുന്നതിലും ഡ്രിബിൾ ചെയ്യുന്നതിലും പാസ് കൈമാറുന്നതിലും മിടുക്കനാണ് മെസ്സി സമകാലീക ഫുട്ബോളിലെ സമ്പൂർണ കളിക്കാരൻ എന്ന് തന്നെ പറയാം പെലെ പറയുന്നു. ഞങ്ങൾ രണ്ടുപേരും ചേർന്ന് ഒരു ടീമിൽ ഒന്നിച്ച് കളിക്കുകയാണെങ്കിൽ എതിരാളികൾക്ക് രണ്ട് പേരെ ഭയക്കേണ്ടതായി വരും പെലെ പറഞ്ഞു.
മഹത്തായ ഫുട്ബോൾ പാരമ്പര്യം ഉള്ള രാജ്യങ്ങൾക്കെല്ലാം മികച്ച താരങ്ങൾ ഉണ്ടായിരുന്ന സ്ഥിതി ഇപ്പോളില്ലെന്നും ലോകഫുട്ബോളിൽ തന്നെ വളരെ മികച്ച ചുരുക്കം ചില താരങ്ങൾ മാത്രമാണ് ഉള്ളതെന്നും പെലെ പറഞ്ഞു. മെസ്സിയും റൊണാൾഡോയും തീർച്ചയായും അത്തരത്തിലുള്ള താരങ്ങളാണ്. നെയ്മർക്ക് പക്ഷേ ആ നിലവാരത്തിലേക്ക് ഉയരുവാൻ സാധിച്ചിട്ടില്ല. എന്നാൽ 2022ൽ ഖത്തറിൽ നടക്കുന്ന അടുത്ത ലോകകപ്പ് നേട്ടം ബ്രസീലിന് വേണ്ടി നെയ്മർക്ക് സ്വന്തമാക്കാൻ കഴിഞ്ഞാൽ നെയ്മറും ആ കൂട്ടത്തിലേക്ക് ഉയരും പെലെ പറഞ്ഞു.