ഗെയിംസ് ചരിത്രത്തിലേക്ക് സ്വര്‍ണം വെടിവെച്ചിട്ട് കേരളത്തിന് മൂന്നാംദിനം

വിഷ്‌ണു ലക്ഷ്‌മണ്‍

ചൊവ്വ, 3 ഫെബ്രുവരി 2015 (17:50 IST)
മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസ് അതിന്റെ മൂന്നാം ദിനം പിന്നിടുകയാണ്. മത്സരങ്ങളില്‍ മറുനാടന്‍ മലയാളികള്‍ മെഡലുകള്‍ കൊയ്യുമ്പോള്‍ കേരളം വേഴാമ്പലിനേപ്പോലെ മെഡലു വീഴുന്നതും നോക്കി ഇരിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ദൌര്‍ഭാഗ്യവശാല്‍ ഇത്തവണത്തെ മത്സരത്തിന്റെ ഭാഗ്യചിഹ്നം വേഴാമ്പലുമായിപ്പോയി. മലയാളികളായ താരങ്ങള്‍ ‍, മലയാളികളായ പരിശീലകര്‍ ഇവരുടെ കരുത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ മെഡലുകള്‍ കൊയ്ത് കേരളത്തേക്കാള്‍ ബഹുദൂരം മുന്നോട്ടു പോകുന്നു. രാജ്യത്തെ കായികരംഗത്തിന് ഏറെ സംഭാവനകള്‍ നല്‍കിയ സംസ്ഥാനമാണ് കേരളം.
 
എന്നാല്‍ മലയാളികളായ താരങ്ങള്‍ക്ക് കേരളത്തില്‍ വേണ്ടത്ര പരിഗണന ലഭിക്കാതിരുന്നപ്പോള്‍ മറ്റു സംസ്ഥാനങ്ങള്‍ ജോലിയും മെച്ചപ്പെട്ട സാഹചര്യങ്ങളും നല്‍കി കഴിവുള്ള താരങ്ങളെ റാഞ്ചിക്കൊണ്ട് പോയി. ദേശീയ സ്കൂള്‍ കായിക മേളകളില്‍ കുറേ കാ‍ലമായി കേരളമാണ് ചാമ്പ്യന്‍പട്ടം അലങ്കരിക്കുന്നത്‍. എന്നാല്‍ അത് മുതിര്‍ന്നവരിലേക്ക് എത്തുമ്പോള്‍ കേരളം വട്ടപ്പുജ്യമാകുന്നതും നമ്മള്‍ കാണുന്നു. താരങ്ങള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കാത്തതാണ് ഇതിന് കാരണം. താരങ്ങളോടുള്ള ഈ ചിറ്റമ്മനയത്തിന് ഈ ദേശീയ ഗെയിംസോടെയെങ്കിലും മാറ്റമുണ്ടാകണം.
 
ഇന്നത്തെ മത്സരങ്ങള്‍ അവസാനഘട്ടത്തിലേക്ക് എത്തുമ്പോള്‍ കേരളം ചരിത്രപരമായ മെഡല്‍നേട്ടമാണ് നടത്തിയിരിക്കുന്നത്. മത്സരത്തില്‍ പി സിദ്ധാര്‍ഥ് മീറ്റ് റെക്കാഡോടെ സ്വര്‍ണ്ണം നേടിയതാണ് കേരളത്തിന് ആവേശം നല്‍കിയ ഒരു വിജയം. ഹൈ ബോര്‍ഡ് ഡൈവിങ്ങിലാണ് പി സിദ്ധാര്‍ഥ് സ്വര്‍ണം നേടിയത്. തൊട്ടുപിന്നാലെ ചരിത്രത്തില്‍ ആദ്യമായി ഷൂ‍ട്ടിംഗില്‍ കേരളം സുവര്‍ണ്ണനേട്ടം കൊയ്യുകയും ചെയ്തു. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ പ്രോണിലാണ് നേട്ടം. എലിസബത്ത് സൂസന്‍ കോശിയാണ് സ്വര്‍ണം വെടിവെച്ചിട്ടത്. ഷൂട്ടിംഗ് മത്സരത്തില്‍ കേരളം വെങ്കലമെങ്കിലും നേടിയാല്‍ അത്ഭുതമാണെന്ന നിലയില്‍ നിന്നാണ് എലിസബത്തിന്റെ പത്തരമാറ്റ് സ്വര്‍ണ്ണക്കൊയ്ത്ത്. പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ ഷൂട്ടിങ്ങില്‍ നിന്ന് കേരളതാരങ്ങള്‍ പുറത്തായതിനിടെയാണ് എലിസബത്തിന്റെ നേട്ടം.
 
ചരിത്രത്തില്‍ ആദ്യമായി കേരളം ടെന്നീസില്‍ മെഡല്‍ നേടിയതും ഇന്ന് ശ്രദ്ധേയമായി. വെങ്കലമാണ് ലഭിച്ചതെങ്കിലും ഇതിന് സ്വര്‍ണ്ണത്തേക്കാള്‍ തിളക്കമുണ്ട്. പുരുഷന്മാരുടെ ഡബിള്‍സ് ടീമാണ് വെങ്കലം നേടി കേരളത്തിന്റെ സ്വപ്‌നം സഫലമാക്കിയത്. സെമിയില്‍ തമിഴ്‌നാടിനോട് രണ്ട് സിംഗിള്‍സും തോറ്റതോടെയാണ് കേരളത്തിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. അതേസമയം വനിതകളുടെ ടേബിള്‍ ടെന്നീസില്‍ കേരളത്തിന്റെ ശിഖ ജേക്കബിന് തോല്‍‌വിയേറ്റു വാങ്ങേണ്ടി വന്നത് നിരാശ പടര്‍ത്തി. എന്നാല്‍ കേരളത്തിന്റ്രെ ഫദറുള്‍ നാസിക് ഭാരോദ്വഹനത്തില്‍ വെള്ളിനേടിയത് അപ്രതീക്ഷിതമായി. 85 കിലൊ വിഭാഗത്തിലാണ് നാസിക്കിന്റെ നേട്ടം. 
 
കേരളത്തിന് ഏറ്റവുമധികം മെഡലുകള്‍ ലഭിച്ചത് അക്വാട്ടിക്, കയാക്കിംഗ് ഇനങ്ങളിലായാണ്. നീന്തലിലെ വേഗമേറിയ താരങ്ങളെ കണ്ടെത്താനുള്ള മത്സരത്തില്‍ കേരളത്തിനു വേണ്ടി രണ്ടുപേര്‍ യോഗ്യത നേടിയിട്ടുണ്ട്. കേരളത്തിന് ഈ ഇനത്തില്‍ മെഡല്‍ പ്രതീക്ഷ ശക്തമാണ്.
 
തുടര്‍ച്ചയായ രണ്ടാം ജയത്തോടെ കേരളം ഖോ-ഖോയില്‍ രണ്ടു മെഡലുകള്‍ ഉറപ്പാക്കിയിട്ടുണ്ട് എന്നത് അല്‍പ്പം ആശ്വാസം നല്‍കുന്നു. പുരുഷ ടീമുകളും വനിതാ ടീമുകളും മെഡല്‍ ഉറപ്പിച്ചതാണ് ആശ്വാസമായത്. അതേസമയം സെമിസാധ്യത വര്‍ദ്ധിപ്പിച്ച് നെറ്റ്‌ബോള്‍ മത്സരത്തില്‍ പുരുഷ-വനിതാ ടീമുകള്‍ ജയം നേടിയത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നു.
 
ഉത്തരേന്ത്യന്‍ കരുത്തന്മാര്‍ക്ക് മുന്‍‌തൂക്കമുള്ളതും കേരളം പരിചയിച്ചിട്ടില്ലാത്തതുമായ ഇനങ്ങളിലാണ് മത്സരങ്ങള്‍ അധികം നടന്നത്. എന്നിട്ടും കേരളം പ്രതീക്ഷയുണര്‍ത്തുന്ന മുന്നേറ്റങ്ങളാണ് നടത്തിയിരിക്കുന്നത്. അതേസമയം സംഘാടനത്തിലെ പാളിച്ചകള്‍ തുറന്നു കാട്ടുന്നതായിരുന്നു തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വനിതകളുടെ റിഥമിക് ജിംനാസ്റ്റിക്‌സില്‍ നടന്നത്.
 
മത്സരത്തില്‍ പങ്കെടുക്കാനെത്തിയ കേരളത്തിന്റെ റണീറ്റ മാത്യൂസിന്‍, മത്സരത്തിന് ചുവടുവയ്ക്കുന്നതിനായി പാട്ട് പ്ലേ ചെയ്യാന്‍ സംഘാടകര്‍ വൈകിയത് നാണക്കേടുണ്ടാക്കി. ഏറെനേരം റണീറ്റയ്ക്ക് നിരാശയോടെ പാട്ടിനായി കാത്തുനില്‍ക്കേണ്ടതായും വന്നു. അതേസമയം മത്സരത്തിനായി ഘടിപ്പിച്ചിട്ടുള്ള ഉപകരണങ്ങള്‍ ശരിയായല്ല ഉറപ്പിച്ചത് എന്നും ആരോപണമുണ്ട്. ഗെയിംസ് കഴിഞ്ഞാലും ഈ ആരോപണങ്ങള്‍ കേരളത്തെ വിടാതെ പിന്തുടരുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക