ദേശീയ ട്രാക്ക് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു

വ്യാഴം, 22 ഡിസം‌ബര്‍ 2016 (17:01 IST)
കേരള സൈക്ലിംഗ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ദേശീയ ട്രാക്ക് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് കാര്യവട്ടം എല്‍എന്‍സിപി വെലോഡ്രോമില്‍ ആരംഭിച്ചു.

ആദ്യ ദിവസം എട്ടിനങ്ങളിലെ മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 23 പോയിന്റുമായി കേരളം മുന്നിലാണ്. 22 പോയിന്റുമായി മണിപ്പൂര്‍ തൊട്ടുപിന്നിലുണ്ട്. ഏഴു പോയിന്റ് നേടിയ എ ആന്‍ഡ് എമ്മാണ് മൂന്നാം സ്ഥാനത്ത്. 24 സംസ്ഥാനങ്ങളില്‍ നിന്നുള്ള 500ല്‍പരം കായികതാരങ്ങള്‍ മല്‍സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.

വിവിധ കാറ്റഗറികളിലായി നാല്‍‌പതിലേറെ മല്‍സരങ്ങളാണ് അരങ്ങേറുന്നത്. സാഫ് ഗെയിംസ്, കോമണ്‍വെല്‍‌ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് തുടങ്ങിയ കായികോല്‍സവങ്ങളില്‍ പങ്കെടുക്കുകയും മെഡലുകള്‍ നേടുകയും ചെയ്തിട്ടുള്ളവരാണ്
മല്‍സരിക്കുന്നവരിലേറെയും.

ചടങ്ങില്‍ തിരുവനന്തപുരം മേയര്‍ അഡ്വ വികെ പ്രശാന്ത് മല്‍സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. കേരള സൈക്ലിംഗ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ വികെ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറിയും കായിക യുവജനകാര്യ വകുപ്പ് ഡയറക്ടറുമായ സഞ്ജയന്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

എന്‍സിപിഇ പ്രിന്‍സിപ്പല്‍ ഡോ ജി കിഷോര്‍, സൈക്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യ ട്രഷറര്‍ ബാനി ഘോഷ്, തിരുവനന്തപുരം ജില്ല ഒളിമ്പിക്സ് അസോസിയേഷന്‍‌ പ്രസിഡന്റ് കരമന ഹരി, പ്രസിഡന്റ് കരമന ഹരി, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പി ശശിധരന്‍ നായര്‍, കെഎസ്എസ്‌സി അംഗം ജെ ശെല്‍വന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഡി മോഹനന്‍, സിഎഫ്ഐ അസിസ്റ്റന്റ് സെക്രട്ടറി വിഎന്‍ സിംഗ്, കെസിഎ സെക്രട്ടറി എസ്എസ് സുധീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

സീനിയര്‍ വിഭാഗത്തില്‍ 69മത്തേയും ജൂനിയര്‍ വിഭാഗത്തില്‍ 46മത്തേയും സബ് ജൂനിയര്‍ വിഭാഗത്തില്‍ 32മത്തേയും ചാമ്പ്യന്‍ഷിപ്പാണിത്. കേരളത്തില്‍ സൈക്ലിംഗ് മല്‍സരങ്ങള്‍ക്ക് അനുയോജ്യമായ ഏക വെലോഡ്രോമാണ് കാര്യവട്ടത്തേത്. 25ന് മല്‍സരങ്ങള്‍ സമാപിക്കും.

വെബ്ദുനിയ വായിക്കുക