ടെന്നീസ് താരം മരിയ ഷറപ്പോവയെ രാജ്യാന്തര ടെന്നിസ് മൽസരങ്ങളിൽ നിന്ന് രണ്ടു വർഷത്തേക്കു വിലക്കി.
ഉത്തേജകമരുന്നു പരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് രാജ്യാന്തര ടെന്നിസ് ഫെഡറേഷനാണ് (ഐടിഎഫ്) റഷ്യന്‍ സുന്ദരിക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്കിനെതിരേ അപ്പീല്‍ പോകുമെന്ന് ഷറപ്പോവ പറഞ്ഞു.
ജനുവരിയിലെ ഓസ്ട്രേലിയൻ ഓപ്പൺ മൽസരത്തിൽ മെൽഡോണിയം എന്ന നിരോധിത മരുന്ന് ശരീരത്തിൽ ഉണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന് മാർച്ചിൽ താൽക്കാലികമായി വിലക്കിയിരുന്നു. ഹൃദയസംബന്ധമായ രോഗത്തിനുള്ള മരുന്നാണ് ഷറപ്പോവയ്ക്ക് വിലക്കുവാങ്ങിക്കൊടുത്തത്. 2006 മുതൽ ആരോഗ്യകാരണങ്ങളാൽ ഷറപ്പോവ ഈ മരുന്നു കഴിച്ചിരുന്നു.
2006 മുതല്‍ താന്‍ മെല്‍ഡോണിയം അടങ്ങിയ മരുന്ന് ഉപയോഗിക്കുന്നതായി ഷറപ്പോവ സമ്മതിച്ചിരുന്നു. എന്നാല്‍ അന്ന് ഈ മരുന്ന് നിരോധിച്ചിരുന്നില്ലെന്നും 2016 മുതലാണ് നിരോധിക്കപ്പെട്ട മരുന്നുകളുടെ പട്ടികയില്‍ മെല്‍ഡോണിയം സ്ഥാനം പിടിച്ചതെന്നും താരം അവകാശപ്പെട്ടു.
മരുന്ന് കഴിക്കും മുമ്പ് പുതുക്കിയ പട്ടിക വായിച്ചിരുന്നില്ലെന്നും പരിശോധനയില്‍ പരാജയപ്പെട്ടതിന്‍റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും ഷറപ്പോവ പറഞ്ഞിരുന്നു. മരുന്ന് നിരോധിത പട്ടികയിൽ പെടുന്നതാണെന്ന് അറിയില്ലായിരുന്നുവെന്ന് ഷറപ്പോവ പ്രതികരിച്ചു. മിൽഡ്രൊണേറ്റ് എന്നപേരിലാണ് ആ മരുന്ന് താൻ അറിയുന്നതെന്നും അവർ കൂട്ടിച്ചേർത്തു.