"ടെന്നീസ്, ഞാന്‍ നിന്നോട് വിട പറയുന്നു" ടെന്നീസിലെ റഷ്യൻ സൗന്ദര്യം വിരമിച്ചു

അഭിറാം മനോഹർ

വ്യാഴം, 27 ഫെബ്രുവരി 2020 (11:27 IST)
ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള കായികതാരങ്ങളിൽ ഒരാളായ റഷ്യയുടെ മരിയ ഷറപ്പോവ അന്താരാഷ്ട്ര ടെന്നീസ് മത്സരങ്ങളിൽ നിന്നും വിരമിച്ചു. വോഗ് ആന്റ് വാനിറ്റി ഫെയര്‍ മാഗസിനായി എഴുതിയ എക്സ്‌ക്ലൂസീവ് ആർട്ടിക്കിളിലൂടെയാണ് 32കാരിയായ ഷറപ്പോവ തന്റെ വിരമിക്കൽ വാർത്ത പ്രഖ്യാപിച്ചത്. ടെന്നീസ്...ഞാന്‍ നിന്നോട് വിട പറയുന്നു' എന്ന തലക്കെട്ടോടെയാണ് ഷറപ്പോവയുടെ വിടവാങ്ങൽ കുറിപ്പ്. 
 
2004ൽ തന്റെ പതിനേഴാം വയസ്സിൽ വിംബിൾഡൺ കിരീടം നേടികൊണ്ട് ടെന്നീസ് കോർട്ടിൽ വരവറിയിച്ച താരമാണ് ഷറപ്പോവ. 2005-ല്‍ ലോക ഒന്നാം നമ്പർ സ്ഥാനവും സ്വന്തമാക്കി. എന്നാൽ 2007 മുതല്‍ തോളിനേറ്റ പരിക്ക് ഷറപ്പോവയ്ക്ക് തിരിച്ചടിയായി. 2008-ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടത്തിലൂടെ തിരിച്ചെത്തിയെങ്കിലും പരിക്ക് വീണ്ടുമെത്തിയതോടെ താരത്തിന് ആ വർഷത്തെ ഒളിമ്പിക്സ് ഉൾപ്പടെയുള്ള മത്സരങ്ങൾ നഷ്ടമായി. 2012-ല്‍ തിരിച്ചുവന്ന ഷറപ്പോവ ഫ്രഞ്ച് ഓപ്പണ്‍ നേടി കരിയര്‍സ്ലാം പൂര്‍ത്തിയാക്കി. ഈ നേട്ടം സ്വന്തമാക്കുന്ന പത്താമത്തെ വനിതാ ടെന്നീസ് താരമായിരുന്നു ഷറപ്പോവ.
 
എന്നാൽ കൗമാരപ്രായത്തിൽ ടെന്നീസ് കോർട്ടിലെത്തി വലിയ പ്രതീക്ഷകൾ നൽകിൻ ലോക ഒന്നാം നമ്പർ താരം വരെയായി വളർന്ന ഷറപ്പോവ 373ആം റാങ്കിൽ നില്ക്കുമ്പോളാണ് വിരമിക്കുന്നത്.പരിക്കുകളും വിവാദങ്ങളും നിറഞ്ഞതായിരുന്നു ഷറപ്പോവയുടെ കരിയർ.ലോക ടെന്നീസിന് തന്നെ ഒരു കാലത്ത് വലിയ പ്രതീക്ഷകൾ നൽകിയ താരം വിരമിക്കുമ്പോൾ 5 ഗ്രാൻഡ്‌സ്ലാമുകൾ മാത്രമാണ് താരത്തിന്റെ പേരിലുള്ളത്. 2016-ലെ ഓസ്‌ട്രേലിയന്‍ ഓപ്പണിനിടെ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഷറപ്പോവ 15 മാസം വിലക്ക് നേരിട്ടിരുന്നു.അതിന് ശേഷം കോർട്ടിൽ തിരിച്ചെത്തിയ ഷറപ്പോവക്ക് തിളങ്ങാൻ സാധിച്ചിരുന്നില്ല. തൊളിനേറ്റ പരിക്കും താരത്തെ വലച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍