ലിയാൻഡർ പെയ്‌സ് വീണ്ടും ഇന്ത്യൻ ടീമിൽ, ഡേവിസ് കപ്പിൽ മത്സരിക്കും

ആഭിറാം മനോഹർ

ബുധന്‍, 26 ഫെബ്രുവരി 2020 (10:57 IST)
വെറ്ററൻ ടെന്നീസ് താരം ലിയാൻഡർ പെയ്‌സ് വീണ്ടും ഇന്ത്യൻ ടീമിൽ. ഡേവിസ് കപ്പിൽ ക്രൊയേഷ്യക്കെതിരായ മത്സരങ്ങൾക്കായാണ് പെയ്‌സിനെ ഇന്ത്യയുടെ ഡേവിസ് കപ്പ് ടീമിൽ ഉൾപ്പെടുത്തിയത്. പെയ്സ് അടങ്ങിയ അഞ്ച് അംഗ ടീമിന്‍റെ പട്ടിക രാജ്യാന്തര ടെന്നിസ് ഫെഡറേഷന് കൈമാറിയതായി അഖിലേന്ത്യാ ടെന്നീസ് ഫെഡറേഷനാണ് വ്യക്തമാക്കിയത്.
 
ഡബിൾസിൽ രോഹൻ ബോപ്പണ്ണയായിരിക്കും പെയ്‌സിന്റെ പങ്കാളി. ഇരുവർക്കും പുറമെ റിസര്‍വ്വ് താരമായി ഡബിള്‍സ് സ്‌പെഷ്യലിസ്റ്റ് ദിവിജ് ശരണിനെയും ഡബിൾസ് ടീമിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിംഗിള്‍സില്‍ സുമിത് നാഗല്‍, പ്രജ്നേഷ് ഗുണേശ്വരന്‍, രാംകുമാര്‍ രാമനാഥന്‍ എന്നിവരാണ് ടീമിൽ ഇടം നേടിയത്. മഹാരാഷ്‌ട്ര, ബെംഗളൂരു ഓപ്പണിലെ മികച്ച ഫോമും ടെന്നിസിലെ അവസാന വര്‍ഷമെന്നതും കണക്കിലെടുത്താണ് പെയ്സിനെ ടീമിൽ എടുത്തതെന്ന് എ ഐ ടി എ അറിയിച്ചു. ശരണിന്റെ കൂടി സമ്മതപ്രകാരമാണ് ടീം പ്രഖ്യാപനമെന്നാണറിയുന്നത്.
 
അടുത്ത മാസം ആറിനും ഏഴിനും ക്രൊയേഷ്യയിലെ സാഗ്രേബിലാണ് മത്സരങ്ങള്‍ ആരംഭിക്കുക.യോഗ്യതാ റൗണ്ടിലെ 24 ടീമുകളില്‍ ഒന്നാം സീഡാണ് ക്രൊയേഷ്യ. ബോര്‍നാ ചോറിച്ച്, മാരിന്‍ ചിലിച്ച് എന്നീ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ക്രൊയേഷ്യയ്‌ക്ക് ഇന്ത്യക്ക് മേൽ ശക്തമായ മേൽക്കൈ ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍